മുംബൈ- ഗോവ ദേശീയപാതയിലുള്ള മഹാരാഷ്ട്ര പട്ടണമായ മഹാഡിലെ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകർന്ന് കാണാതായിരിക്കുന്നവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. 300 കിലോഗ്രാം ഭാരമുള്ള കാന്തത്തിന്റെ സഹായത്തോടെയാണ് വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
ഒഴുക്കില്‍പെട്ട രണ്ട് ബസിലും വാഹനങ്ങളിലുമായി 22 പേര്‍ ഉണ്ടായിരുന്നതായാണ് നിഗമനം. ഇതില്‍ രണ്ടു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കാണാതയാ ഒരു ബസിലെ ഡ്രൈവറുടെ മൃതദേഹം പാലത്തില്‍ നിന്നും 100 കിലോമീറ്ററോളം ദൂരെ പാറകള്‍ക്കിടയില്‍ നിന്നും മറ്റൊരു സ്ത്രീയുടെ മൃതദേഹം 15 കിലോമീറ്റർ അകലെ നിന്നുമാണ് കണ്ടെത്തിയത്. ഇതിനാൽ എത്ര അകലത്തിൽ തിരച്ചിൽ നടത്തിയാലാണ് മുഴുവൻ ആളുകളെയും കണ്ടെത്താൻ കഴിയുകയെന്നാണ് രക്ഷാപ്രവർത്തകരെ കുഴക്കുന്ന വസ്തുത.