അശ്ലീല വീഡിയോ കാണുന്നത് വ്യക്തിസ്വതന്ത്ര്യം: സുപ്രീം കോടതി

വ്യാഴം, 9 ജൂലൈ 2015 (13:53 IST)
അശ്ലീല സിനിമകള്‍ കാണുന്നത്‌ പൂര്‍ണമായി നിയന്ത്രിക്കാനാവില്ലെന്നും അത് കാണുന്നത് തടയുന്നത് വ്യക്തിസ്വാതന്ത്ര്യം തടയുന്നതിനു തുല്യമാണെന്നും സുപ്രീം കോടതി. ഇന്‍ഡോര്‍ സ്വദേശിയായ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ്‌ കോടതി സുപ്രധാന നീരീക്ഷണം നടത്തിയത്‌. എന്നാല്‍ അശ്ലീല വീഡിയോകള്‍ നിരോധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് നാലാഴ്‌ചയ്‌ക്കുളളില്‍ അറിയിക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌എല്‍ ദത്തു അധ്യക്ഷനായ മൂന്നംഗ ബഞ്ച്‌ ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയായ ഒരാള്‍ തന്റെ മുറിയുടെ നാലു ചുവരുകള്‍ക്കുളളില്‍ സ്വകാര്യമായി അശ്ലീല ക്ലിപ്പിംഗുകള്‍ കാണുന്നത്‌ എങ്ങനെ തടയാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുഛേദത്തില്‍ പറയുന്ന വ്യക്‌തിസ്വാതന്ത്ര്യത്തെ ഹനിക്കലാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.  ഇതൊരു ഗൗരവതരമായ പ്രശ്‌നമാണ്‌. നടപടികള്‍ സ്വീകരിക്കേണ്ടതുമുണ്ട്‌. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ അറിയണമെന്നും കോടതി പറഞ്ഞു.

ഇന്റര്‍നെറ്റില്‍ നിന്ന്‌ 20 കോടിയലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ലഭ്യമാണെന്നാണ്‌ കണക്കുകള്‍. ഇത്തരം സൈറ്റുകളില്‍ മിക്കതിന്റെയും സെര്‍വറുകള്‍ വിദേശത്ത്‌ ആയതിനാല്‍ അപ്‌ലോഡിംഗില്‍ നിയന്ത്രണം പറ്റില്ലെന്നായിരുന്നു വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിലപാട്‌. അതേസമയം, അശ്ലീല ക്ലിപ്പിംഗുകളുടെ അതിപ്രസരം മൂലമാണ്‌ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും അതിനാല്‍ അവ പുര്‍ണമായും നിരോധിക്കണമെന്നുമാണ്‌ കമലേഷ്‌ വസ്വാനി എന്ന ഹര്‍ജിക്കാരന്‍ വാദിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക