മരണ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധം; പരിഷ്കാരം ഒക്ടോബർ ഒന്നു മുതൽ - ആള്‍മാറാട്ടവും വഞ്ചനയും തടയാനെന്ന് കേന്ദ്രം
വെള്ളി, 4 ഓഗസ്റ്റ് 2017 (17:47 IST)
മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒക്ടോബർ ഒന്നു മുതൽ പരിഷ്കാരം നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മരണ സർട്ടിഫിക്കറ്റ് ലഭിക്കാനും ആധാർ നമ്പർ നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജമ്മു കശ്‌മീര്‍, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ ബാക്കിയെല്ലായിടത്തും ഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിലേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ. ആള്‍മാറാട്ടവും വഞ്ചനയും തടയാനാണ് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള റജിസ്ട്രാർ ജനറലിന്റെ ഓഫിസ് ആണ് പുതിയ നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനങ്ങളെ അറിയിച്ചത്. മരണ സർട്ടിഫിക്കറ്റാനിയി അപേക്ഷ നൽകുന്നയാൾ തെറ്റായ വിവരം നൽകിയാൽ കുറ്റക്കാരാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.