കേജ്‌രിവാളിന്റെ ഡയറിയും സിബിഐ കൊണ്ടുപോയി; റെയ്‌ഡ് ജയ്‌റ്റ്ലിയുടെ അഴിമതി മറയ്‌ക്കാന്‍: ആം ആദ്മി
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫീസില്‍ സി ബി ഐ നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്ലിയ്ക്കെതിരെ ആം ആദ്മി പാർട്ടി ആക്രമണം ശക്തമാക്കി. റെയ്‌ഡില്‍ മുഖ്യമന്ത്രിയുടെ ഡയറി പോലും സിബിഐ കൊണ്ടുപോയതായി എഎപി നേതാവ് കുമാർ വിശ്വാസ് പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയഷന്‍ ഭാരവാഹിയായിരുന്ന സമയത്ത് വന്‍ അഴിമതി നടത്തി. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ല. ഈ ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാനാണ് സിബിഐ റെയ്‌ഡ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
1999നും 2015നും ഇടയ്ക്ക് ഡൽഹി ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ അഴിമതിയാണ് നടന്നത്. ഈ വിഷയത്തിലുള്ള ഒരു അന്വേഷണത്തിനും കേന്ദ്രം സമ്മതിക്കുന്നില്ല. സിബിഐ രേഖകള്‍ കൊണ്ടു പോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ രേഖകള്‍ നശിപ്പിക്കാന്‍ കഴിയാതെ വരുകയായിരുന്നുവെന്നും കുമാർ വിശ്വാസ് പറഞ്ഞു. വാര്‍ത്താ സമ്മേളനം നടത്തിയാണ് എ.എ.പി ഇക്കാര്യങ്ങള്‍ അറിയിച്ചത്. അഴിമതികണക്കുകള്‍ വിശദീകരിക്കുന്ന പത്രക്കുറിപ്പും എ.എ.പി വാര്‍ത്താസമ്മേളനത്തില്‍ പുറവിട്ടു.