ജമ്മു കശ്മീരിലെ പ്രളയബാധിതര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രിയുടെ സമ്മാനമായി 745 കോടിയുടെ സഹായം. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് 570 കോടിരൂപയും ആറ് പ്രധാന ആശുപത്രികളുടെ നവീകരണത്തിന് 175 കോടി രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച 1,000 കോടി രൂപയ്ക്കു പുറമെയാണ് പുതിയ സഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീനഗറില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ട മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 44,000 കോടിരൂപ സംസ്ഥാനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണനയിലാണെന്നും അടിയന്തര സഹായമായാണ് 745 കോടി അനുവദിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനാണ് 570 കോടി. സംസ്ഥാനത്തെ ആശുപത്രികളുടെ നവീകരണത്തിനാണ് ബാക്കി 175 കോടി. സംസ്ഥാനത്ത് കഴിഞ്ഞമാസമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുന്നൂറിലേറെപ്പേരാണ് മരിച്ചത്.
രാവിലെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ എന്‍എന്‍ വോറ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പങ്കെടുത്തെങ്കിലും രാജ്ഭവനിലേക്ക് അനുഗമിച്ചില്ല.
ഹുറിയത്ത് കോണ്‍ഫ്രന്‍സിന്റെ ഇരു വിഭാഗങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ സമരത്തിന് ആഹ്വാനംചെയ്തിരുന്നതിനാല്‍ ശ്രീനഗറില്‍ ഭൂരിഭാഗം കടകളും അടച്ചിട്ടിരുന്നു. പൊതു വാഹനങ്ങള്‍ കാര്യമായി ഓടിയില്ല. കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരുന്നത്. ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലി ഗീലാനി, ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക് തുടങ്ങിയവരെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.