729 കൊലപാതകങ്ങള്‍, 803 മാനഭംഗങ്ങള്‍; ഇങ്ങനെ പോകുന്നു യോഗി സർക്കാരിന്റെ ആദ്യ രണ്ടു മാസം...

ബുധന്‍, 19 ജൂലൈ 2017 (10:41 IST)
ഉത്തർപ്രദേശിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി ആദ്യ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 729 കൊലപാതകങ്ങളും 803 മാനഭംഗങ്ങളും. മാർച്ച് 15നും മേയ് ഒൻപതിനുമിടയിലുള്ള കാലയളവിലാണ് ഇത്രയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പാർലമെന്ററികാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന നിയമസഭയില്‍ അറിയിച്ചു. 
 
2682 തട്ടിക്കൊണ്ടുപോകലുകൾ, 799 മോഷണങ്ങൾ, 60 പിടിച്ചുപറിക്കേസുകൾ എന്നിവയും ഈ ചുരുങ്ങിയ കാലയളവിൽ റിപ്പോർട്ടുചെയ്തതായി സമാജ്‍വാദി പാർട്ടി അംഗം ഷൈലേന്ദ്ര യാദവിന്റെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു. ഇത്രയും ക്രൂരമായ നടപടികള്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന ചോദ്യത്തിന്, റിപ്പോര്‍ട്ട് ചെയ്ത് കൊലപാതക കേസുകളിൽ 67.16 ശതമാനത്തിലും മാനഭംഗക്കേസുകളിൽ 71.12 ശതമാനത്തിലും തട്ടിക്കൊണ്ടുപോകലിൽ 52.23 ശതമാനത്തിലും നടപടി സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി. 
 
ദേശീയ സുരക്ഷാ ആക്ട് അനുസരിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും ഗൂണ്ടാ ആക്ട് പ്രകാരം 131 പേർക്കെതിരെയും അധോലോക ആക്ട് പ്രകാരം 126 പേർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു. കുറ്റകൃത്യങ്ങൾ കുറയ്ക്കണമെന്നാണ് ഞങ്ങളുടെ സർക്കാരിന്റെ നയമെന്നും മുൻവർഷങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്ക് കൃത്യമായി അറിയില്ലെന്നും ഞങ്ങളുടെ സർക്കാർ ചെറിയ കുറ്റകൃത്യങ്ങളിൽപ്പോലും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക