കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കിലും കുടുങ്ങും, പ്രചരിപ്പിച്ചാലും കുടുങ്ങും; കേന്ദ്രത്തിന്റെ പുതിയ നീക്കം ഇങ്ങനെ

ശനി, 24 നവം‌ബര്‍ 2018 (17:32 IST)
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയാനായി പോക്‌സോ നിയമത്തില്‍ ഭേദഗതിയും വരുത്തും. നിയമത്തിന്റെ പതിനഞ്ചാം വകുപ്പിലാകും ഭേദഗതികള്‍ വരുക. ഇതിനായി നിയമമന്ത്രാലയത്തിന്റെയും വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെയും അനുമതി തേടി.

കുട്ടികള്‍ക്കെതിരായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം അറിഞ്ഞിട്ടും ഈ വിവരം മറച്ചു വെക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.

വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും.

താക്കീത് നല്‍കിയിട്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. കുറ്റാരോപിതര്‍ക്ക് 1,000 രൂപയാകും മിനിമം പിഴ എന്നാല്‍ കുറ്റം ആവര്‍ത്തിക്കുന്നതിനനുസരിച്ച് 5,000 രൂപ മിനിമം പിഴയായി കൂട്ടും.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടി വരുന്നതിനാല്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍