ഭൂമിയിടപാട്: റോബര്‍ട്ട് വദ്ര സര്‍ക്കാരിന് 44 കോടി നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോര്‍ട്ട്

ഞായര്‍, 2 നവം‌ബര്‍ 2014 (16:19 IST)
ഹരിയാനയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഭൂമിയിടപാടിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര സര്‍ക്കാരിന് 44 കോടി രൂപ നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോര്‍ട്ട്. ഹരിയാനയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കാനായി ഇരുപതോളം സ്ഥലങ്ങളില്‍ വിപണി വിലയേക്കാള്‍ കുറച്ചാണ് വാദ്രയുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന് ഭൂപീന്ദര്‍ സിംഗ് സര്‍ക്കാര്‍ സ്ഥലം കൈമാറിയതെന്ന് സിഎജി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു കൊണ്ട് ഒരു ദേശീയ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 
 
സംസ്ഥാന സര്‍ക്കാരും സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയും തമ്മിലുള്ള രഹസ്യഇടപാടാണ് ഭൂമികൈമാറ്റത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഭൂമി  58 കോടിക്ക് വിറ്റതിലൂടെ വദ്രയുടെ കമ്പനിക്ക്  43.66 കോടി രുപയുടെ അധികലാഭം ഉണ്ടായെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. 
 
2008-2011 കാലയളവില്‍  ബിക്കാനീര്‍ ആസ്ഥാനമായുള്ള വദ്രയുടെ കമ്പനി ഹരിയനയില്‍ ഇരുപതിടത്തായി 770 ഏക്കര്‍ ഭൂമി ചുളുവില്‍ വാങ്ങിയെന്നാണ് ആരോപണം. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കേണ്ട ഭൂമിയായിരുന്നു ഇത്. വദ്രയുടെ നേതൃത്വത്തിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്കൈലൈറ്റ് റിയാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്, നോര്‍ത്ത് ഇന്ത്യ ഐ.ടി പാര്‍ക്ക്, ബ്ലൂ ബ്രീസ് ട്രേഡിംഗ് എന്നീ കമ്പനികളാണ് സ്ഥലം വാങ്ങിയത്. 
 
അതേസമയം ഭൂമിയിടപാടിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് വദ്ര ക്ഷുഭിതനായി സംസാരിച്ചിരുന്നു. ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക