ഡല്‍ഹി: ഗല്‍വാനിൽ ഇന്ത്യ ചൈന സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് സേന തടവിലാക്കിയ പത്ത് ഇന്ത്യന്‍ സൈനികരെ ചൈന മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇവരെ വിട്ടയച്ചതായാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 10 പേരടങ്ങുന്ന സംഗത്തിൽ ഒരു മേജറും മൂന്ന് കേണൽമാരും ഉണ്ടായിരുന്നതായാണ് സൂചന.
സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും നടത്തിയ ചർച്ചകൾകൊടുവിലാണ് ഇന്ത്യൻ സൈനികരെ വിട്ടയച്ചത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തിരിച്ചെത്തിയ സൈനികരെ ആരോഗ്യ പരിശോധനയ്ക്കും ഡീ ബ്രീഫിങിനും വിധേയരാക്കും എന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യൻ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ല എന്നായിരുന്നു കരസേന കഴിഞ്ഞദിവസം വ്യക്തമാക്കിയത്. അതിർത്തിയിൽ സൈനിക തലത്തിലുള്ള ചർച്ചകൾ ഇന്നും തുടരും.