രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് വെറുതേയാകും? കാവേരി കഴിഞ്ഞ് മതി ക്രിക്കറ്റെന്ന് തമിഴകം

വെള്ളി, 6 ഏപ്രില്‍ 2018 (18:29 IST)
കാവേരി ജലവിനിയോഗബോര്‍ഡ് രൂപീകരിക്കാത്തതിനെതിരായി തമിഴ്നാട്ടിലെ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. കാവേരി പ്രശ്നത്തിൽ പ്രതിഷേധമറിയിക്കുന്നതിനുള്ള തമിഴ് ജനതയുടെ പുതിയ മാർഗം ക്രിക്കറ്റ് ആണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് നടക്കാനിരിക്കുന്ന സ്റ്റേഡിയത്തെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമായി ഒരുക്കുകയാണ് തമിഴകം. 
 
ഉദ്ഘാടന മൽസരം ബഹിഷ്കരിച്ചു പ്രതിഷേധം രാജ്യാന്തര ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് തമിഴ്നാട് എംഎൽഎ ടി.ടി.വി. ദിനകരന്‍ ആഹ്വാനം ചെയ്തതോടെ ജനങ്ങളും ഇതേ മാര്‍ഗം തന്നെ സ്വീകരിക്കുമെന്നാണ് സൂചന.
 
കാവേരി ബോർഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയിൽ ഐപിഎൽ മൽസരങ്ങൾ നടത്താൻ അനുവദിക്കരുതെന്നും വാദമുണ്ട്. കാവേരി വിഷയം കഴിഞ്ഞ് മതി ക്രിക്കറ്റ് എന്നാണിവര്‍ പറയുന്നത്. രണ്ടു വർഷത്തെ വിലക്കിനുശേഷം തമിഴ്നാട്ടിൽനിന്നുള്ള ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ടൂർണമെന്റിലേക്കു തിരിച്ചുവരാനൊരുങ്ങവെയാണ് ഐപിഎൽ വിരുദ്ധ തരംഗം സംസ്ഥാനത്തു വ്യാപിക്കുന്നത്.
 
ഐപിഎൽ സംഘാടകർ തമിഴ്നാടിന്റെ വികാരം മാനിക്കണമെന്ന ആവശ്യവുമായി ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും രംഗത്തെത്തി. ഐപിഎൽ മൽസരം റദ്ദാക്കണമെന്നും എതിർപ്പ് അവഗണിച്ചു നടത്തിയാൽ വൻ പ്രതിഷേധമുയർത്തുമെന്നും ചില തീവ്ര തമിഴ് സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍