‘എയ്‌റോ ഇന്ത്യ - 2015’ന് ഇന്ന് തുടക്കം

ബുധന്‍, 18 ഫെബ്രുവരി 2015 (09:19 IST)
വ്യോമപ്രദര്‍ശനമായ ‘എയ്‌റോ ഇന്ത്യ - 2015’ ഇന്ന് തുടക്കം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമാണിത്. ബംഗളൂരുവിലെ യെലഹങ്കയിലെ വ്യോമസേനാ താവളത്തില്‍ ആണ് പ്രദര്‍ശനം നടക്കുക. വ്യോമരംഗത്തെ  ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്നതോടൊപ്പം വിദേശരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും വിസ്മയ കാഴ്ചയൊരുക്കും.
 
അഞ്ചു ദിവസത്തെ എയ്‌റോ ഇന്ത്യ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, സേനാ മേധാവികള്‍, പ്രതിരോധരംഗത്തെ പ്രമുഖര്‍, വിദേശ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. എയ്‌റോ ഇന്ത്യയ്‌ക്കെത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി.
 
1996ലെ ആദ്യപ്രദര്‍ശനത്തിന് അന്നത്തെ പ്രധാനമന്ത്രി ദേവഗൗഡ എത്തിയിരുന്നു. പ്രദര്‍ശനത്തിന് ഏറ്റവും കൂടുതല്‍ കമ്പനികള്‍ എത്തുന്നത് അമേരിക്കയില്‍ നിന്നാണ് - 64. ഫ്രാന്‍സില്‍നിന്ന് 58 കമ്പനികളും ഇംഗ്ലണ്ടില്‍ നിന്ന് 48 കമ്പനികളും റഷ്യയില്‍നിന്ന് 41 കമ്പനികളും ഇസ്രായേലില്‍ നിന്ന് 25 കമ്പനികളും പങ്കെടുക്കും.
 
വിദേശത്തുനിന്നുള്ള പതിനൊന്ന് യുദ്ധവിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങിയ റാഫേല്‍ യുദ്ധവിമാനങ്ങളും എഫ് - 16 സി ഫൈറ്റിങ് ഫാല്‍ക്കണ്‍ വിമാനങ്ങളും ആകര്‍ഷണമായിരിക്കും. ഇതോടൊപ്പം വിവിധ നിരീക്ഷണവിമാനങ്ങളും ഉണ്ടാകും.
 

വെബ്ദുനിയ വായിക്കുക