ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായമാവശ്യപ്പെട്ട് കത്തെഴുതിയ ആറ് വയസുകാരിക്ക് പ്രധാനമന്ത്രിയുടെ സഹായഹസ്തം

ബുധന്‍, 8 ജൂണ്‍ 2016 (17:00 IST)
ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയ ആറ് വയസുകാരിക്ക് പ്രധാനമന്ത്രിയുടെ സഹായഹസ്തം. ഒരു വര്‍ഷം മുന്‍പാണ് വൈശാലിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. ചികിത്സ മുടങ്ങാതെ തുടര്‍ന്നെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ പെയിന്ററായ പിതാവിന് കഴിഞ്ഞില്ല. 
 
തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതാന്‍ തീരുമാനിച്ചത്. വൈശാലി തന്നെയായിരുന്നു പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. മോദിയുടെ ഓഫീസ് ഇടപ്പെട്ടതോടെ വൈശാലിയുടെ ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിലാണ് വൈശാലിയിപ്പോള്‍.
 
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം വൈശാലിയുടെ സൈക്കിളും മറ്റും വിറ്റാണ് മരുന്നിനുള്ള പണം കണ്ടെത്തിയത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെ കുടുംബം പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. മൂന്ന് ലക്ഷത്തിലധികം രൂപ ശസ്ത്രക്രിയക്ക് വേണ്ടിവരുമെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ തീരുമാനിച്ചത്.
 
കത്ത് ലഭിച്ച ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതോടെ പൂനെ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം വൈശാലിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പെണ്‍കുട്ടിയെ പൂനെയിലെ റൂബി ബാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക