ലോണിക്കര്‍ മഹാരാഷ്‌ട്രയിലെ തോമര്‍, പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

വ്യാഴം, 11 ജൂണ്‍ 2015 (15:14 IST)
ഡല്‍ഹിയില്‍ കെജ്‌രിവാള്‍ സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന ജിതേന്ദ്ര സിംഗ് തോമര്‍ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അറസ്റ്റിലായതിനു പിന്നാലെ മഹാരാഷ്‌ട്രയില്‍ ബി ജെ പി മന്ത്രിക്കെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം‍.
 
മഹാരാഷ്‌ട്രയില്‍ ഫട്‌നാവിസ് മന്ത്രിസഭയില്‍ ജലവിതരണ ശുചീകരണ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന ബാബന്‍ റാവു ലോണിക്കറിന് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മൂന്നു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ചയാളാണ് ലോണിക്കര്‍. 
 
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്‌മൂലത്തിലും ലോണിക്കര്‍ 
വിദ്യാഭ്യാസയോഗ്യത വിവിധ തരത്തിലാണ് നല്‌കിയിരിക്കുന്നത്. 2004, 2009 വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ ബി എ ബിരുദധാരിയാണെന്നാണ് ലോണിക്കര്‍ വ്യക്തമാക്കിയിട്ടുള്ളത്.
 
എന്നാല്‍, 2014ല്‍ നടന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ അഞ്ചാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളതെന്നാണ് ലോണിയര്‍ പറയുന്നത്. എന്നാല്‍, മന്ത്രിയുടെ സ്വകാര്യ വെബ്‌സൈറ്റില്‍ അദ്ദേഹം ബി എക്കാരനാണ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
 
അതേസമയം, ലോണിക്കര്‍ മഹാരാഷ്‌ട്രയിലെ തോമറാണെന്നും ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക