മുന്‍വൈരാഗ്യം: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ബന്ധു വെടിയേറ്റു മരിച്ചു

ബുധന്‍, 8 ഏപ്രില്‍ 2015 (13:29 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ബന്ധു വെടിയേറ്റു മരിച്ചു. വ്യവസായിയും പെട്രോള്‍ പമ്പ് ഉടമയുമായ അരവിന്ദ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
 
വാരണാസി ജില്ലയിലാണ് സംഭവം. ഭാര്യയെ വിമാനത്താവളത്തില്‍ വിട്ടശേഷം കാറില്‍ തിരിച്ചു വരുന്നതിനിടെയാണ് അരവിന്ദ് സിംഗ് അക്രമത്തിന് ഇരയായത്. ബൈക്കില്‍ എത്തിയവര്‍ അരവിന്ദ് സിംഗിനു നേരെ നിറയൊഴിക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ സിംഗ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
 
കൊലയ്ക്ക് കാരണം മുന്‍വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് റൂറല്‍ എസ് പി എകെ പാണ്ഡെയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ബി ജെ പിയുടെ ഉത്തര്‍പ്രദേശ് വക്താവ് വിജയ് ബഹദൂര്‍ പാഥക്ക് കൊലയെ അപലപിച്ചു. 
സംസ്ഥാനം ഗുണ്ടകളുടെ പിടിയിലാണെന്ന് അദ്ദേഹം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക