ഭാര്യ മരിച്ചു, ഐബിഎം ടെക്കി ആത്മഹത്യചെയ്തു!

വ്യാഴം, 24 ഫെബ്രുവരി 2011 (13:19 IST)
രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഭാര്യയുടെ മരണം സ്ഥിരീകരിച്ചയുടന്‍ യുവാവ് ആശുപത്രിക്കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചു. ബാംഗ്ലൂരില്‍ ഐബിഎം ഓഫീസിലെ ഐടി ജീവനക്കാരനായ ഗോപാലകൃഷണനാണ് (34) ബുധനാഴ്ച ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാ‍ടിയത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണന്റെ ഭാര്യ പൂജയെ (23) സെക്കണ്ടറാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച പൂജ മരിച്ചു. ഭാര്യ മരിച്ച വിവരം അറിഞ്ഞ ഉടന്‍ ഗോപാലകൃഷ്ണന്‍ അലമുറയിട്ടുകൊണ്ട് ആശുപത്രിക്കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് ഓടിക്കയറുകയായിരുന്നു. ജീവനക്കാര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അഞ്ചാം നിലയില്‍ നിന്ന് ചാടിയ ഇയാള്‍ തല്‍‌ക്ഷണം മരിച്ചു. താന്‍ പൂജയെ വളരെയധികം സ്നേഹിച്ചിരുന്നെന്നും അവളില്ലാതെ ജീവിതം തനിക്കാകില്ലെന്നും, അവള്‍ ജീവിതം അര്‍ഹിക്കുന്നില്ലെങ്കില്‍ തനിക്കും ജീവിതം വേണ്ടെന്നും ഗോപാലകൃഷ്ണന്‍ എഴുതിയ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഗോപാലകൃഷ്ണന്‍ - പൂജ ദമ്പതികള്‍ക്ക് ഒരു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.

വെബ്ദുനിയ വായിക്കുക