പ്രണബ് രാഷ്ട്രപതിയായി ചുമതലയേറ്റു

ബുധന്‍, 25 ജൂലൈ 2012 (12:49 IST)
PTI
PTI
പ്രണബ് മുഖര്‍ജി ഇനി ഇന്ത്യയുടെ പ്രഥമ പൌരന്‍. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്.

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രണബ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി,​ രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങളും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്ന്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടിലീനേയും നിയുക്ത രാഷ്ട്രപതിയേയും സെന്‍ട്രല്‍ഹാളിലേക്ക് ആനയിച്ചു. രാഷ്ട്രപതിയുടെ പ്രത്യേക സേനാവിഭാഗമായ അശ്വാരൂഢ സേനയാണ് ഇവരെ ആനയിച്ചത്. വഴിയില്‍ ഇരുവശത്തും നിന്ന് കര, നാവിക, വ്യോമാസേനാ വിഭാഗങ്ങള്‍ ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. പാര്‍ലമെന്റില്‍ വന്നിറങ്ങിയ പ്രണബിനെയും പ്രതിഭാ പാട്ടീലിനെയും ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രണബിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം വായിച്ചു. ഇതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് പ്രണബ് രാഷ്ട്രപതിയുടെ കസേരയില്‍ ഇരുന്നു. ഇതേസമയം പുറത്ത് 21 ആചാരവെടികള്‍ മുഴങ്ങി. റജിസ്റ്ററില്‍ ഒപ്പുവച്ച് പ്രണബ് അധികാരമേല്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയ പ്രമുഖരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രധനമന്ത്രിയായിരുന്ന പ്രണബ് യുപിഎ പിന്തുണയോടെ മത്സരിച്ചാണ് രാഷ്ട്രപതിയായത്.

വെബ്ദുനിയ വായിക്കുക