പേടിക്കണ്ട; കടുവകളുടെ എണ്ണം കൂടുന്നുണ്ട്

ചൊവ്വ, 20 ജനുവരി 2015 (12:02 IST)
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ദ്ധിച്ചു. പരിസ്ഥിതിമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ് 1, 400 എണ്ണം മാത്രമായിരുന്ന കടുവകള്‍ ഇപ്പോള്‍ 2, 226 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ദേശീയമൃഗമായ കടുവയെ സംരക്ഷിക്കാന്‍ ‘സേവ് ടൈഗര്‍ ‍’ കാമ്പയിന്‍ മുമ്പ് പലപ്പോഴും നടന്നിരുന്നു. ഇതിന്റെ ഗുണഫലം കൂടിയാണ് കടുവകളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള ഈ വര്‍ദ്ധന.
 
ലോകത്ത് ആകെയുള്ള കടുവകളുടെ 70ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണെന്ന് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളത് കര്‍ണാടകയില്‍ ആണ് - 406 കടുവകള്‍ . ഉത്തരാഖണ്ഡ് - 340, തമിഴ്നാട് - 229, മധ്യപ്രദേശ് - 208, മഹാരാഷ്‌ട്ര - 190, സുന്ദര്‍ബന്‍സ് ബംഗാള്‍ - 76 എന്നിങ്ങനെയാണ് കടുവകളുടെ കണക്ക്.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 100,000ത്തോളം കടുവകള്‍ ആയിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2008 എത്തിയപ്പോള്‍ അത് 1411 എണ്ണത്തിലേക്ക് ഭയാനകമാം വിധം കുറഞ്ഞിരുന്നു. മരുന്നിനും മറ്റുമായി കടുവയെ വേട്ടയാടുന്നത് വര്‍ദ്ധിച്ചതോടെയാണ് എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. 2004ല്‍ രാജസ്ഥാനിലെ സരിക വനസംരക്ഷിതമേഖലയില്‍ ഒരു കടുവ പോലും ഇല്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക