നിര്‍ഭയ രാത്രി 11മണിക്ക് എന്തിന് സിനിമയ്ക്ക് പോയി? സ്ത്രീകള്‍ പീഡനം ക്ഷണിച്ച് വരുത്തരുത്

ബുധന്‍, 29 ജനുവരി 2014 (12:17 IST)
PTI
ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായ നിര്‍ഭയ രാത്രി 11മണിക്ക് ശേഷം സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിനെ വിമര്‍ശിച്ചുകൊണ്ട് മഹാരാഷ്ട്ര സ്റ്റേറ്റ് വുമണ്‍ കമ്മീഷന്‍ അംഗവും എന്‍സിപി നേതാവുമായ ആശാ മിര്‍ജെ രംഗത്തെത്തി.

മഹാരാഷ്ട്രയിലെ നാഗ്‌പുരില്‍ എന്‍സിപി വനിതാ സംഗമത്തില്‍ സംസാരിക്കവെയാണ് ആശാ നിര്‍ഭയയുടെ രാത്രി സഞ്ചാരത്തെ ചോദ്യം ചെയ്തത്. എന്ത് ധൈര്യത്തിലാണ് നിര്‍ഭയ ഡല്‍ഹിയിലെ ഭീതി നിറയുന്ന രാത്രിയില്‍ സിനിമയ്ക്ക് പോയത്. രാത്രിയില്‍ അപകടം പതിയിരിക്കുന്നത് സ്വഭാവികമായും അറിയാവുന്ന കാര്യമാണെന്നും ആശാ പറഞ്ഞു.

ശക്തി മില്ല് കൂട്ടമാനഭംഗത്തെ പരാമര്‍ശിക്കാനും ആശാ മറന്നില്ല. മുംബൈയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന അക്രമികളുടെ കേന്ദ്രമായ ശക്തി മില്ലില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം യുവതി എന്ത് ധൈര്യത്തിലാണ് പോയത്, സ്ത്രികള്‍ അവരവരുടെ സുരക്ഷ ഉറപ്പാക്കണം അല്ലെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ആശാ പറഞ്ഞു.

“ നമ്മള്‍ സ്വയം ചിന്തിക്കണം, താന്‍ എവിടെയാണ് പോകുന്നത്, ആരുടെയൊപ്പം പോകുന്നു, എന്തിന് പോകുന്നു, ആ സ്ഥലത്ത് പോകേണ്ട ആവശ്യമുണ്ടോ? ആശാ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ വസ്ത്രധാരണം, സ്വഭാവം, സുരക്ഷയില്ലാത്ത സ്ഥലങ്ങളില്‍ പോകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം പീഡനങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ആശാ പറഞ്ഞു. അറിഞ്ഞുകൊണ്ട് സ്ത്രീകള്‍ പീഡനം ക്ഷണിച്ച് വരുത്തരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തമായി ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ അറിയാത്ത സ്ത്രീകള്‍ രാജ്യത്ത് പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്നും ആശാ പറഞ്ഞു. ശരദ് പവാറിന്റെ മകളും എന്‍സിപി വനിതാ വിഭാഗത്തിന്റെ നേതാവുമായ സുപ്രിയ സോളിന്റെ സാന്നിധ്യത്തിലായിരുന്നു ആശാ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.

വെബ്ദുനിയ വായിക്കുക