കഴിഞ്ഞവര്‍ഷം നവംബറില്‍ ഇരുപത്തെട്ടുകാരിയായ രതി ത്രിപാഠി എന്ന യുവതിയെ ട്രയിനില്‍ നിന്ന് ഒരു സംഘം പുറത്തേക്ക് വലിച്ചെറിഞ്ഞു. മധ്യപ്രദേശിലെ ബിന റയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. സ്ലീപ്പര്‍ കോച്ചില്‍ തന്റെ സീറ്റ് കൈയേറിയതിനെ ചോദ്യം ചെയ്തതിനായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിയായ രതിയെ രണ്ടുപേര്‍ ചേര്‍ന്ന് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞത്. തലയ്ക്ക് മാരകമായി മുറിവേറ്റ രതി ഭോപ്പാലിലെ ബന്‍സല്‍ ആശുപത്രിയില്‍ മൂന്നുമാസം ചികിത്സയില്‍ കഴിഞ്ഞു. കോമ സ്റ്റേജില്‍ ഒരു മാസം ഐ സി യുവിലും രണ്ടു മാസം വാര്‍ഡിലും. കഴിഞ്ഞദിവസമാണ് അവര്‍ ആരോഗ്യനില കൈവരിച്ച് വീട്ടിലേക്ക് മടങ്ങിയത്.
ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ രതി ഡല്‍ഹിയില്‍ ആയിരുന്നു ജോലി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് ഉജ്ജൈനിലേക്ക് മാല്‍വ എക്സ്പ്രസിലെ സ്ലീപ്പര്‍ ക്ലാസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രതി. തന്റെ ബെര്‍ത്ത് കൈയേറിയത് ചോദ്യം ചെയ്തതിനാണ് രതിക്ക് ഇത്തരത്തിലൊരു മറുപടി കിട്ടിയത്. ട്രാക്കിലേക്ക് അതിക്രൂരമായി എറിഞ്ഞതിനൊപ്പം ഇവരുടെ മൊബൈല്‍, ഹാന്‍ഡ് ബാഗ്, സ്വര്‍ണമാല, കമ്മലുകള്‍ എന്നിവയും ഈ നരാധമന്മാര്‍ കവര്‍ന്നെടുത്തു. മധ്യപ്രദേശിലെ ബിനയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കറോന്‍ഡ റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു സംഭവം നടന്നത്.
കാണ്‍പുരില്‍ നിന്ന് ഉജ്ജൈയിനില്‍ നേരത്തെ എത്തിയ രതിയുടെ അമ്മയും സഹോദരനും പ്രതീക്ഷിച്ച ട്രയിനില്‍ മകളെ കാണാതെ യാത്രക്കാരോട് അന്വേഷിച്ചപ്പോഴാണ് യാത്രക്കാരില്‍ ഒരാള്‍ സംഭവം പറഞ്ഞത്. തുടര്‍ന്ന് മകളെ അന്വേഷിച്ച് അമ്മയും സഹോദരനും ബിന സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി മുറിവേറ്റ യുവതിയെ രക്ഷപ്പെടുത്താന്‍ ഒരു മാര്‍ഗവുമില്ലെന്ന് പ്രഖ്യാപിച്ച് ഭോപ്പാലിലെ വിവിധ ആശുപത്രികള്‍ കൈയൊഴിഞ്ഞതിനു ശേഷമാണ് ബന്‍സലിലെത്തുന്നത്. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് ഒരു പ്രതീക്ഷയുമില്ലാതിരുന്ന രതിയെ ഡോ നിതിന്‍ ഗര്‍ഗ് എന്ന ന്യൂറോ സര്‍ജന്‍ ശ്രദ്ധയോടെയുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ഇക്കാര്യത്തില്‍ റെയില്‍വേ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തു. യുവതിയുടെ ചികിത്സാച്ചെലവ് മുഴുവനായും വഹിച്ചത് റെയില്‍വേ ആയിരുന്നു.
മേല്പറഞ്ഞ സംഭവം ഇത്രയധികം വിശദീകരിക്കാന്‍ കാരണം, ഈ സംഭവം നമ്മള്‍ അത്രയധികമൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നത് കൊണ്ടാണ്. നമ്മുടെ നാട്ടില്‍ സൌമ്യ എന്ന പെണ്‍കുട്ടി തീവണ്ടി യാത്രയ്ക്കിടയില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. തീവണ്ടിയിലെ അക്രമം എന്നു പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നതും സൌമ്യ എന്ന പേരാണ്.
ഇതു മാത്രമല്ല, ട്രയിനില്‍ പെണ്‍കുട്ടികളോട് ജവാന്‍ അപമര്യാദയായി പെരുമാറിയതും പെണ്‍കുട്ടിയെ ട്രയിനില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിച്ചതും എല്ലാം നടന്നത് കേരളത്തിലാണ്. മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതും ഒറ്റയ്ക്ക് യാത്ര ചെയ്യവെ രാത്രിയില്‍ ഉറങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചതും യാത്രക്കാരിയെ കംപാര്‍ട്‌മെന്റില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിച്ചതും മധ്യവയസ്കയെ തീവണ്ടിബോഗിക്കുള്ളില്‍ ഇട്ട് കത്തിച്ചതും - ഇതെല്ലാം നടന്നത് കേരളത്തിലാണ്.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ആകെ മൊത്തം ഇതേ അവസ്ഥയാണ്. 2012ലായിരുന്നു ഭാവിക മേത്ത എന്ന യുവതിക്ക് ട്രയിന്‍ യാത്ര അവളുടെ കാല് നഷ്‌ടമാക്കിയത്. അമൃത്‌സറില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന സമയത്തായിരുന്നു സംഭവം. മോഷ്‌ടാവ് ട്രെയിനില്‍നിന്നു തള്ളിയിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ കേസില്‍ റെയില്‍വേ വൈദ്യസഹായം നല്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതി ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 93 വിദ്യാര്‍ത്ഥികളും അധ്യാപകരും റെയില്‍വേ പരീക്ഷ ഉദ്യോഗാര്‍ത്ഥികളുടെ പീഡനത്തിന് ഇരയായത് ബിഹാറില്‍ ആയിരുന്നു. 2013ലായിരുന്നു ഈ സംഭവം.
ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്രയധികം പീഡനകഥകള്‍ ഓരോ ദിവസവും തീവണ്ടികളില്‍ അരങ്ങേറുന്നു. ഇത്തവണത്തെ റെയില്‍വേ ബജറ്റില്‍ സ്ത്രീ സുരക്ഷയ്ക്കായി ക്യാമറകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ട്. ഈ പ്രഖ്യാപനങ്ങള്‍ ഒക്കെ നടന്നു കിട്ടിയാല്‍ തീവണ്ടിയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയും.
സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റ് പ്രഖ്യാപിച്ചു കൊണ്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചത്. 182 എന്ന നമ്പറില്‍ വിളിച്ച് സ്ത്രീയുടെ സുരക്ഷപ്രശ്‌നങ്ങള്‍ അറിയിക്കാവുന്നതാണ്. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട കമ്പാര്‍ട്‌മെന്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ വെക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. വനിത യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന പ്രഖ്യാപനം എല്ലാ ബജറ്റിലും ഉണ്ടാകാറുണ്ട്. നിര്‍ഭയ ഫണ്ട് സ്ത്രീകളുടെ സുരക്ഷയ്ക്കായി ചെലവഴിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ, ഓരോ ബജറ്റ് പ്രഖ്യാപനം കഴിയുന്തോറും തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ മനസ്സില്‍ ആശങ്കയുടെ തീ ജ്വാല കൂടുതല്‍ ആളുകയാണെന്നു മാത്രം.
(ചിത്രത്തിന് കടപ്പാട്: അനിത നായര്‍ എഴുതിയ ‘ലേഡീസ് കൂപ്പെ’ എന്ന പുസ്തകത്തിന്റെ കവര്‍)