താനെ കൂട്ടക്കൊല: പ്രതി സഹോദരിയെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് വെളിപ്പെടുത്ത‌ൽ

ഞായര്‍, 6 മാര്‍ച്ച് 2016 (16:14 IST)
കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്ത‌ൽ. പ്രതിയായ ഹസ്നെയ്ൻ വരേക്കർ മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ സഹോദരി ബാദുലിനെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മൊഴി. കൂട്ടക്കൊലപാതകത്തിൽ നിന്നും  രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു സഹോദരി സുബിയയാണ് പൊലീസിന് മൊഴി നൽകിയത്.
 
പ്രതി സഹോദരിയെ പീഡിപ്പിച്ചിരുന്ന വിവരം മറ്റു സഹോദരിമാർക്കിടയിലും കുടുംബാംഗങ്ങ‌ൾക്കിടയിലും അറിഞ്ഞതാകാം കൂട്ടക്കൊലക്ക് കാരണമായതെന്നും സുബിയ പൊലീസിന് മൊഴി നൽകിയതായി ജോയിന്‍റ് കമീഷണർ അശുതോഷ് ദുബ്രെ വ്യക്തമാക്കി. കൊല ചെയ്യാൻ തുടങ്ങിയപ്പോൾ മാതാവ് പ്രതിയോട് ജീവന് വേണ്ടി യാചിച്ചിരുന്നുവെങ്കിലും ഹസ്നെയ്ൻ ചെവിക്കൊണ്ടില്ല. മുറി അകത്ത് നിന്നും പൂട്ടിയ സുബിയയോട് പുറത്തിറങ്ങിയില്ലെങ്കിൽ തന്‍റെ ചെറിയ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് പറഞ്ഞതുപോലെ കുട്ടിയെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് സുബിയ പൊലീസിനെ അറിയിച്ചു.
 
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും സ്പ്ലിറ്റ് പേഴ്സണാലിറ്റി വൈകല്യത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓഹരി കച്ചവടത്തിൽ നഷ്ടം വന്നതിനെതുടർന്ന് ഹസ്നെയ്ൻ ബന്ധുക്കളിൽ നിന്ന് 67 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
 
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊലപാതകം അരങ്ങേറിയത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം എല്ലാവരെയും കത്തികൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സഹോദരി സുബിയ മാത്രമാണ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. കഴുത്തിന് ഗുരുതരമായി മുറിവേറ്റ സുബിയ അലമുറയിട്ട് അയല്‍വീട്ടുകാരെ ഉണര്‍ത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക