ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ കൊഴിഞ്ഞു പോകുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 20 ശാസ്ത്രജ്ഞര്‍ രാജി വച്ചതായി പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ് വിജയകുമാര്‍ സാരസ്വത് വ്യക്തമാക്കി.
ഐടി മേഖലയിലെ അവസരങ്ങളാണ് ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞു പോക്കിന് കാരണം. ഡിആര്‍ഡിഒയുടെ ഇലക്ട്രോണിക്സ്, ഐടി, ലാബ് മേഖലകളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഐടി മേഖലയില്‍ നിന്നുള്ള ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ സ്വീകരിച്ച് പുറത്തു പോകുന്നത്.
2008 മുതല്‍ മൊത്തം 285 ശാസ്ത്രജ്ഞരാണ് ഡിആര്‍ഡിഒ വിട്ട് പുറത്തു പോയത്. ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാന്‍ സേവന വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തണം. ഇപ്പോള്‍ ധാരാളം എന്‍ആര്‍ഐ ശാസ്ത്ര ബിരുദധാരികളും രാജ്യത്തു നിന്നുള്ള യുവ ശാസ്ത്രജ്ഞരും ഡിആര്‍ഡിഒയില്‍ ജോലി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നുണ്ട്. കഴിവുറ്റ ശാസ്ത്രജ്ഞരെ നില നിര്‍ത്താന്‍ നല്ലൊരു എച്ച്‌ആര്‍ നയം ആവശ്യമാണെന്നും സാരസ്വത് അഭിപ്രായപ്പെട്ടു.