ഡല്‍ഹിയില്‍ വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ

ശനി, 23 ജനുവരി 2010 (16:03 IST)
റിപ്പബ്ലിക് ദിന പരേഡിനു മുന്നോടിയായി ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ. റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് ഡല്‍ഹിക്ക് ചുറ്റുമുള്ള വ്യോമസേന എയര്‍ ബേസുകള്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണെന്ന് വ്യോമസേന വക്താവ് ടി കെ സിന്‍ഹ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബ ഇന്ത്യക്കെതിരെ ആക്രമണ പദ്ധതി ഒരുക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതിനു പിന്നാലെ, ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തുന്നതിനായി യൂറോപ്പില്‍ നിന്ന് 50 ഗ്ലൈഡറുകള്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ലഭ്യമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഭീകരര്‍ ഇന്ത്യന്‍ വിമാനം ഏതു നിമിഷവും റാഞ്ചാമെന്ന് സൂചനയുണ്ട്. അതിനാല്‍, സാര്‍ക്ക് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് അതീവ സുരക്ഷയാണ് നല്‍കുന്നത്. എല്ലാ വിമാനങ്ങളിലും ഫ്ലൈറ്റ് മാര്‍ഷല്‍മാരെ നിയമിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക