ജയലളിതയ്ക്ക് ഹൃദയാഘാതം, നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ

ഞായര്‍, 4 ഡിസം‌ബര്‍ 2016 (23:25 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം. നില അതീവ ഗുരുതരമാണെന്നാണ് വിവരം. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജയലളിത ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രി അധികൃതർ അറിയിക്കുന്നത്. തമിഴ്‌നാട് ഗവർണർ അടിയന്തിരമായി ചെന്നൈയിലെത്തിയിട്ടുണ്ട്. ചെന്നൈയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്താകെ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹൃദയരോഗവിദഗ്‌ധരുടെ നിരീക്ഷണത്തിലാണ് ജയലളിത ഇപ്പോൾ. 
 
അതേസമയം, ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായ വാർത്ത അറിഞ്ഞതോടെ ചെന്നൈയിൽ രാത്രിയോടെ കടകളൊക്കെ അടച്ചു. പെട്രോൾ പമ്പുകൾ പലതും നേരത്തേ അടച്ചതായി റിപ്പോർട്ടുകൾ വരുന്നു. സർക്കാർ ബസ് സർവീസുകൾ എണ്ണം കുറച്ചതായും വിവരമുണ്ട്.

തമിഴ്‌നാട്ടിലെ എല്ലാ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവരും അപ്പോളോ ആശുപത്രിയിലുണ്ട്. അവർ പലതവണ യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ടെലിഫോണിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണ്.
 
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ കേന്ദ്ര സേനയുടെ സഹായം അഭ്യർത്ഥിച്ചതായും വിവരമുണ്ട്.

വെബ്ദുനിയ വായിക്കുക