ചാമുണ്ട ക്ഷേത്രം: മരണം 197 ആയി

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2008 (19:46 IST)
ജോധ്പൂരിലെ പ്രശസ്തമായ ചാമുണ്ട ക്ഷേത്രത്തില്‍ ചൊവ്വാ‍ഴ്ച രാവിലെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 197 ആയി. മരണ സംഖ്യ 200 കവിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 168 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

മരിച്ചവരില്‍ കൂടുതലും പുരുഷന്‍‌മാരാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതെന്ന് കരുതുന്ന മലമുകളിലെ ക്ഷേത്രത്തില്‍ നവരാത്രി പൂജ തുടങ്ങുന്നതിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. അപകടത്തില്‍ 100 പേര്‍ക്ക് പരുക്ക് പറ്റി.

രാവിലെ 5:30 ന് ആയിരുന്നു സംഭവം നടന്നത്. മല കയറുകയായിരുന്ന ഭക്തരില്‍ ചിലര്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത്.

കാല്‍തെറ്റി വീണവര്‍ മറ്റുള്ളവരുടെ മേലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ശ്വാസം ലഭിക്കാതെയാണ് മിക്കവരും മരണത്തിന് കീഴ്പ്പെട്ടത് എന്ന് രാജസ്ഥാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് എന്‍ തന്‍‌വി വാര്‍ത്താലേഖകരോട് പറഞ്ഞു.

പുരുഷന്‍‌മാര്‍ക്കായുള്ള ക്യൂവിലാണ് തിക്കും തിരക്കും ഉണ്ടായത്. 75 മീറ്ററോളം ഉയരത്തില്‍ നിന്നാണ് ഭക്തര്‍ തെന്നി വീണത്. മരിച്ചവരില്‍ കൂടുതല്‍ പേരും യുവാക്കളാണ്. 20 പേരോളം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ ജോധ്‌പൂരിലെ മഹാത്മാഗാന്ധി ആശുപത്രി, മഥുരാ ദാസ് ആശുപത്രി, സിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.

ജോധ്പൂര്‍ മഹാരാജാവായിരുന്ന ഗജ് സിംഗിന്‍റെ കുലദേവതയാ‍ണ് ചാമുണ്ട ദേവി. ഇപ്പോള്‍ ഒരു സ്വകാര്യ ട്രസ്റ്റാണ് ക്ഷേത്രം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക