കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ബുധനാഴ്ച; രാഹുല്‍ ഗാന്ധി അധ്യക്ഷനായേക്കും

ശനി, 2 മെയ് 2015 (08:41 IST)
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അടുത്ത ബുധനാഴ്ച ചേരും. പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എ ഐ സി സി ഭാരവാഹികള്‍ക്കും എം പിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും അന്നേദിവസം സോണിയ ഗാന്ധി വിരുന്നൊരുക്കും.
 
രണ്ടുമാസത്തോളം നീണ്ട അവധി കഴിഞ്ഞെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ പാര്‍ലമെന്റിലും പുറത്തും ജനകീയ വിഷയങ്ങളില്‍ സജീവമായിരുന്നു.
 
ലോക്‌സഭയില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച രാഹുല്‍ പഞ്ചാബിലും മഹാരാഷ്‌ട്രയിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ യാത്രയും നടത്തിയിരുന്നു. അതേസമയം, രാഹുലിന്റെ ജനകീയ ഇടപെടലുകള്‍ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഛായ മെച്ചപെടുത്തുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
 
അതേസമയം ബീഹാറിലെ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. ഭൂകമ്പം സാരമായി ബാധിച്ച റക്‌സൂള്‍, ധര്‍ബംഗ, സിതാമാര്‍ഹി എന്നീ സ്ഥലങ്ങളാണ് രാഹുല്‍ സന്ദര്‍ശിക്കുന്നത്.

വെബ്ദുനിയ വായിക്കുക