കെജ്‌രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ശനി, 14 ഫെബ്രുവരി 2015 (08:46 IST)
ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്നുള്ള ആറു മന്ത്രിമാരും കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഉച്ചയ്ക്ക് 12നാണ് സത്യപ്രതിജ്ഞ ചടങ്ങ്.
 
ചടങ്ങില്‍ ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുക്കും. മഹാരാഷ്‌ട്രയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചടങ്ങിന് എത്തില്ല. കെജ്‌രിവാളിനെ കൂടാതെ, ഗോപാല്‍ റായി, ജിതേന്ദ്ര ടോമര്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, അസിം അഹമ്മദ് ഖാന്‍ എന്നിവരും മന്ത്രിമാരാകാന്‍ ഇടയുണ്ട്. കെജ്‌രിവാളിന്റെ വലംകൈ മനിഷ് സിസോദിയ ആയിരിക്കും ഉപമുഖ്യമന്ത്രി. രാംനിവാസ് ഗോയല്‍ സ്പീക്കറും ബന്ദന കുമാരി ഡെപ്യൂട്ടി സ്പീക്കറും ആകുമെന്നാണ് കരുതുന്നത്. 
 
40,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് രാംലീല മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കി 40 സി സി ടി വികള്‍ സ്ഥാപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നാലരയ്ക്ക് തന്നെ ആദ്യ മന്ത്രിസഭാ യോഗം ചേരും. 
 
അതേസമയം, കഴിഞ്ഞ തവണ മന്ത്രിമാരായ രാഖി ബിര്‍ള, ഗിരീഷ് സോണി, സോംനാഥ് ഭാരതി, സൗരഭ് ഭരദ്വാജ് എന്നിവരെ മാറ്റിനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എല്ലാവരെയും കെജ്‌രിവാള്‍ റേഡിയോ സന്ദേശത്തിലൂടെ ക്ഷണിച്ചു.

വെബ്ദുനിയ വായിക്കുക