കൂടംകുളം: കേരളത്തിനു വൈദ്യുതി നല്‍കാനാവില്ലെന്നു ജയലളിത

ഞായര്‍, 19 ഓഗസ്റ്റ് 2012 (16:27 IST)
PRO
PRO
കൂടംകുളം പദ്ധതിയിലെ മുഴുവന്‍ വൈദ്യുതിയും സംസ്ഥാനത്തിനു ലഭിക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഇക്കാര്യം ആവശ്യപ്പെട്ടു ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു വീണ്ടും കത്തയച്ചു.

കൂടംകുളം ആണവനിലയത്തിലെ രണ്ടു റിയാക്റ്ററുകളില്‍ നിന്നായി 2,000 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. ഇതില്‍ ആദ്യ റിയാക്റ്ററില്‍ നിന്ന് 1,000 മെഗാവാട്ട് വൈദ്യുതി ഉടന്‍ തന്നെ ഉത്പാദിപ്പിച്ചു തുടങ്ങും. സംസ്ഥാനത്തു വലിയ വൈദ്യുതി പ്രതിസന്ധിയാണെന്നതിനാല്‍ ഈ വൈദ്യുതി മുഴുവന്‍ തമിഴ്‌നാടിനു വേണമെന്നാണു ജയലളിതയുടെ ആവശ്യം. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും കത്തില്‍ പറയുന്നു. ആദ്യത്തെ കത്തിനു പ്രതികരണം ലഭിച്ചില്ലെന്നും ജയ കത്തില്‍ ഓര്‍മിപ്പിച്ചു.

കൂടംകുളം ആണവനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയുടെ 13 ശതമാനം കേരളത്തിലാണു ലഭിക്കേണ്ടത്. ഇതുപ്രകാരം രണ്ടു റിയാക്റ്ററുകളില്‍ നിന്നായി 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഇത് അനുവദിക്കരുതെന്നും മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിനു വേണമെന്നുമാണ് ജയലളിതയുടെ ആവശ്യം.

വെബ്ദുനിയ വായിക്കുക