എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയ്ക്ക് ഒരു വര്‍ഷം അധിക കാലാവധി നല്‍കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം

തിങ്കള്‍, 27 ജൂണ്‍ 2016 (10:36 IST)
എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയ്ക്ക് ഒരു വര്‍ഷം അധിക കാലാവധി ലഭിക്കാന്‍ സാധ്യത. സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ പദവിയില്‍ അരുന്ധതി കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം കാലാവധി ഒരു വര്‍ഷമെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. 
 
എസ്ബിഐ ചെയര്‍മാന്റെ ഭരണകാലം മൂന്നു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ നീട്ടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും അതിനാല്‍ അരുന്ധതിയുടെ കാലാവധി നീട്ടുന്നതില്‍ നിയമപരമായ തടസ്സമില്ലെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം. 
 
സെപ്തംബറില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും കാലാവധി പൂര്‍ത്തിയാക്കാനിരിക്കുകയാണ്. ഇതേ കാലയളവില്‍ മൂന്ന് വര്‍ഷത്തെ ഭരണകാലം പൂര്‍ത്തിയാക്കുന്ന അരുന്ധതിയുടെ പേര് റിസര്‍ബാങ്ക് ഗവര്‍ണര്‍ പദവിയിലേക്ക് ഉയര്‍ന്നിരുന്നു. ഭരണകാലം നീട്ടുന്നതോടെ ഈ പദവിയിലെത്താനുള്ള അരുന്ധതിയുടെ സാധ്യത ഇല്ലാതാകും. 
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടറായ അരുന്ധതിയെ ബിസിനസ് രംഗത്തെ കരുത്തുറ്റ  സ്ത്രീകളിലൊരാളായി ഫോര്‍ച്ചൂണ്‍ ഇന്ത്യയും ഫോബ്‌സും തെരഞ്ഞെടുത്തിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക