എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിപദത്തിലേക്ക്
വ്യാഴം, 16 ഫെബ്രുവരി 2017 (11:40 IST)
എടപ്പാടി പളനിസാമി തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാകാന്‍ സാധ്യത. വ്യാഴാഴ്ച വൈകുന്നേരത്തോടെ എടപ്പാടിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗവര്‍ണര്‍ എടപ്പാടിയെ രാജ്‌ഭവനിലേക്ക് ക്ഷണിച്ചത് മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്രസര്‍ക്കാരിന്‍റെ കൂടെ അനുമതിയോടെയാണ് എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കുന്നതെന്നാണ് സൂചന. തമിഴ്നാട്ടില്‍ എടപ്പാടിയും പനീര്‍സെല്‍വവും ഒരുമിച്ച് മുന്നോട്ടുപോകണമെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും വിവരമുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എം എല്‍ എമാരുടെ പിന്തുണ എടപ്പാടിക്കുണ്ട്. പനീര്‍സെല്‍വം പക്ഷത്തേക്ക് കൂടുതല്‍ എം എല്‍ എമാര്‍ വരുമെന്ന പ്രതീക്ഷ ഇല്ലാതായി. ഇതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമം കേന്ദ്രസര്‍ക്കാരിന്‍റെ മധ്യസ്ഥതയില്‍ ആരംഭിച്ചതെന്നും സൂചനയുണ്ട്.
അണ്ണാ ഡി എം കെ ഒന്നിച്ചുനില്‍ക്കുകയും സര്‍ക്കാര്‍ നിലനില്‍ക്കുകയും ചെയ്താല്‍ മാത്രമേ ഭാവിയില്‍ പല നീക്കങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് കഴിയുകയുള്ളൂ. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അണ്ണാ ഡി എം കെ സര്‍ക്കാരിന്‍റെ പിന്തുണ മോദി സര്‍ക്കാരിന് ആവശ്യമാണ്.
ഏറെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊടുവില്‍, തിരിച്ചടികള്‍ക്കൊടുവില്‍, ശശികല വിഭാഗം വിജയം കാണുന്നു എന്നുവേണമെങ്കിലും വിലയിരുത്താം.