ആര്‍ എസ് എസ് വീണ്ടും തിരിച്ച് കാക്കി നിക്കറില്‍ എത്തുമെന്ന് ലാലു പ്രസാദ് യാദവ്

തിങ്കള്‍, 14 മാര്‍ച്ച് 2016 (18:10 IST)
ആര്‍ എസ് എസ് വീണ്ടും കാക്കിനിക്കര്‍ ഇടുമെന്ന് ആര്‍ ജെ ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്.  രാജ്യത്തു നിന്നും ബി ജെ പിയെ ഉന്മൂലനം ചെയ്യുമെന്നും പത്രസമ്മേളനത്തില്‍ ലാലു പ്രസാദ് പറഞ്ഞു.
 
‘ആര്‍ എസ് എസ് ഇപ്പോള്‍ പല നവീകരണങ്ങളും നടത്തും. കാരണം ഇന്ന് ഭരണത്തിലിരിക്കുന്നത് അവരാണ്. അതുകൊണ്ടു തന്നെ അവരിപ്പോള്‍ നിക്കര്‍ മാറ്റി പാന്റ്‌സ് ഇടട്ടെ. എന്നാല്‍, അവര്‍ വീണ്ടും തിരിച്ച് നിക്കറില്‍ എത്തും’- ലാലു പ്രസാദ് യാദവ് പറഞ്ഞു.
 
ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി (ഭയ്യാജി) യാണ് കഴിഞ്ഞ ദിവസം ആര്‍ എസ് എസിന്റെ വസ്ത്രധാരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാലം മാറുന്നതിനൊപ്പം സംഘടനയിലും മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും അവയില്‍ പ്രധാനമാണ് യൂണിഫോമിന്റെ പരിഷ്‌കരണമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
 
ഇതിനെതിരെയാണ് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക