ആധാര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഫിബ്രുവരി ആറ്, ബാങ്ക് അക്കൗണ്ടുകൾ നിർജീവമാക്കും; സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം

വെള്ളി, 3 നവം‌ബര്‍ 2017 (09:15 IST)
2018 ഫിബ്രുവരി ആറിനുള്ളില്‍ രാജ്യത്തെ എല്ലാം മൊബൈല്‍ ഉപഭോക്താകളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
 
ഇനി മുതൽ മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുവാനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാത്തവർ മാർച്ച് മുപ്പതിനു മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടതാണ്. 
 
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആരും പട്ടിണി കിടന്ന് മരിച്ചിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് വരെ നീട്ടിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. നൽകിയ കാലാവധിക്ക് ശേഷവും ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ നിര്‍ജീവമാക്കും. എന്നാല്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.
 
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനോട് വിശദീകരണം തേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍