ആദര്‍ശങ്ങള്‍ക്ക് വേണ്ടി പ്രണയിനിയെ ഉപേക്ഷിച്ചുവെന്ന് കരുണാനിധി

വ്യാഴം, 30 മെയ് 2013 (11:53 IST)
PTI
PTI
ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടി പ്രണയിനിയെ ഉപേക്ഷിച്ച ആളാണ് താനെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി പറഞ്ഞു. ചെന്നൈയില്‍ നടന്ന ഒരു വിവാഹചടങ്ങിലാണ് കരുണാനിധി തന്റെ ഓര്‍മ്മകളിലേക്ക് ഒരു നിമിഷം സദസ്യരെ കൊണ്ടുപോയത്.

പരമ്പരാഗത ശൈലിയില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കൂടാതെ മന്ത്രോച്ചാരണങ്ങളും താലികെട്ടും വേണമെന്ന് നിര്‍ബന്ധം പിടിച്ചു. എന്നാല്‍ അതിന് കഴിയില്ലെന്ന് തിര്‍ച്ചപ്പെടുത്തിയ താന്‍ പ്രേമഭാജനത്തെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 1944ലായിരുന്നു ആ സംഭവം നടന്നതെന്ന് കരുണാനിധി പറഞ്ഞു.

തുടര്‍ന്നാണ് ദയാലു അമ്മാളുമായി തന്റെ വിവാഹം നടന്നത് എന്ന് അദ്ദേഹം പറഞ്ഞു. അതില്‍ എം കെ അഴഗിരി,​ എം കെ സ്റ്റാലിന്‍,​ എം കെ തമിഴരശു,​ സെല്‍‌വി എന്നിവരാണ് മക്കള്‍‍. ആദര്‍ശ വിവാഹങ്ങള്‍ കൂടുതലായും പ്രചരിപ്പിച്ചത് ദ്രാവിഡ നേതാക്കളായ ഇ വിരാമസ്വാമി പെരിയാര്‍,​ സി എന്‍ അണ്ണാദുരൈ എന്നിവരായിരുന്നുവെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക