അധ്യാപികയെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന പരാതിയിൽ ആന്ധ്രാപ്രദേശിലെ സാമൂഹികക്ഷേമ മന്ത്രി രവേല കിഷോർ ബാബുവിന്റെ മകൻ രവേല സുശീലിനെ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് മന്ത്രി പുത്രനെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ബെജാറ പ്രദേശത്ത് വെച്ച് വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
സംഭവം നടക്കുമ്പോൾ സുശീലിനോടൊപ്പം ഡ്രൈവറും ഉണ്ടായിരുന്നുവെന്ന് സ്ത്രീ പൊലീസിന് മൊഴിനൽകിയിരുന്നു. വാഹനത്തിൽ അധ്യാപികയെ പിൻതുടർന്ന ഇരുവരും അശ്ശീല പദപ്രയോഗം നടത്തുകയും കൈയിൽ കടന്ന് പിടിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അധ്യാപിക ബഹളം വെച്ചതിനെതുടർന്ന് ഭർത്താവും നാട്ടുകാരും എത്തിയാണ് അവരെ രക്ഷപെടുത്തിയത്.