അണികള്‍ അഹങ്കരിക്കരുതെന്ന് വീണ്ടും കെജ്‌രിവാള്‍

ശനി, 14 ഫെബ്രുവരി 2015 (12:52 IST)
പാര്‍ട്ടിയുടെ ഈ വിജയത്തില്‍ ആരും അഹങ്കരിക്കരുതെന്ന് അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിനു ശേഷം ജനസഞ്ചയത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്‌രിവാള്‍. ഡല്‍ഹിയിലെ ജനങ്ങളുടെ സ്നേഹത്തിനു മുന്നില്‍ താന്‍ പൂര്‍ണമായി കീഴടങ്ങുന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി ഇത്രയധികം ആപ്പിനെ സ്നേഹിക്കുമെന്ന് തനിക്കറിയില്ലായിരുന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഈ വിജയം ഇത് ഒരു അത്ഭുതമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. 
 
എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകള്‍ എ എ പിക്കു വേണ്ടി വോട്ടു ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം എ എ പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വീണ്ടും തിരിച്ചു വന്നിരിക്കുന്നു. പക്ഷേ, ഇത്തവണ മുഴുവന്‍ ഭൂരിപക്ഷത്തോടു കൂടിയുമാണ് എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ  ഒരിക്കലും അഹങ്കാരത്തിനു വഴിപ്പെടരുത്.
 
കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പരാജയത്തിന് കാരണമായത് അവരുടെ അഹങ്കാരമാണ്. അവരുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് ജനങ്ങള്‍ അവര്‍ക്ക് എതിരായി വോട്ടു ചെയ്തത്. ഈശ്വരന് ഒരു വലിയ പദ്ധതിയുണ്ട്, തങ്ങള്‍ അതിന്റെ സന്ദേശവാഹകര്‍ മാത്രമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
 
ഡല്‍ഹി, കഴിഞ്ഞ കുറച്ചു കാലമായി കലാപങ്ങള്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്കും ഇരയായി കൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. എല്ലാ മതങ്ങളിലുള്ളവരും എല്ലാ ജാതിയില്‍പ്പെട്ടവരും ധനികരും ദരിദ്രരും തങ്ങള്‍ക്ക് വോട്ടു  ചെയ്തു.
 
തന്റെ മന്ത്രിമാരും എം എല്‍ എമാരും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജന്‍ ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പാര്‍ട്ടി രാഷ്‌ട്രീയം കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
 
മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങളെ വിലയിരുത്തരുതെന്നും ജനം തങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ സമയം അനുവദിച്ചു തന്നിട്ടുണ്ടെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോടായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക