സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍രത്‌ന പുരസ്കാരം; ചേതേശ്വർ പൂജാരയ്ക്ക് അര്‍ജുന

വ്യാഴം, 3 ഓഗസ്റ്റ് 2017 (14:29 IST)
പാരാ അത്‍ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് സി കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ബോക്സിങ് താരം മനോജ് കുമാര്‍, പാരാലിമ്പിക്സ് മെഡല്‍ ജേതാക്കളായ മാരിയപ്പന്‍ തങ്കവേലു, ദീപ മാലിക്, വരുണ്‍ സിങ്ങ് ഭാട്ടി എന്നിവരെ പിന്തള്ളിയാണ് ഇരുവരും പുരസ്കാരനേട്ടത്തുനുടമകളായത്. 
 
ചേതേശ്വർ പൂജാര, ഹർമൻപ്രീത് കൗർ, പ്രശാന്തി സിങ്, എസ് വി.സുനിൽ, ആരോക്യ രാജീവ്, ഖുഷ്ബി കൗർ തുടങ്ങി 17 താരങ്ങള്‍ അർജുന അവാർഡിനും അർഹരായി. അതേസമയം, മലയാളി താരങ്ങൾക്ക് ആർക്കുംതന്നെ അർജുന അവാർഡ് ലഭിച്ചില്ല. മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അവാര്‍ഡ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ അവാർഡിനു പരിഗണിച്ചില്ല.
 
രണ്ടു പാരലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തം പേരിലുള്ള വ്യക്തിയാണ് ദേവേന്ദ്ര ജഗാരിയ. പുരുഷന്മാരുടെ എഫ്46 വിഭാഗത്തിൽ 62.15 മീറ്ററുമായി 2004ലെ ആതൻസ് പാരലിംപിക്സിൽ സ്വർണം നേടിയ ദേവേന്ദ്ര, റിയോയിൽ 63.97 മീറ്റർ കണ്ടെത്തിയായിരുന്നു സ്വർണനേട്ടത്തിന്  ഉടമയായത്. 2004ൽ അർജുന അവാർഡും 2012ൽ പത്മശ്രീയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക