വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

തിങ്കള്‍, 17 ജൂലൈ 2017 (22:25 IST)
കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവിൽ നഗരവികസന മന്ത്രിയായ വെങ്കയ്യ നായിഡു രാജ്യസഭാംഗമാണ്. ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. 
 
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. വെങ്കയ്യയെ സ്ഥാനാർത്ഥിയാക്കിക്കൊണ്ടുള്ള തീരുമാനത്തെ എൻ ഡി എ സഖ്യകക്ഷികൾ സ്വാഗതം ചെയ്തതായി അമിത് ഷാ അറിയിച്ചു.
 
അടുത്തമാസം അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 787 എംപിമാർ വോട്ട് രേഖപ്പെടുത്തും. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി ഓഗസ്റ്റ് 10നാണ് അവസാനിക്കുന്നത്.
 
ബിജെപിക്കും സഖ്യകക്ഷികൾക്കുമായി 426 വോട്ടാണുള്ളത്. മറ്റ് പാർട്ടികളിൽ നിന്നുള്ള വോട്ടുകൾ കൂടി കണക്കുകൂട്ടുമ്പോൾ വെങ്കയ്യ നായിഡു 527 വോട്ട് സ്വന്തമാക്കി ഉപരാഷ്ട്രപതിയാകുമെന്നാണ് എൻ ഡി എയുടെ നിഗമനം.

വെബ്ദുനിയ വായിക്കുക