എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്: വെട്ടിത്തുറന്ന് പറഞ്ഞ് വെങ്കയ്യ നായിഡു

ബുധന്‍, 7 ജൂണ്‍ 2017 (08:35 IST)
എന്ത് കഴിക്കണമെന്നും എന്ത് കഴിക്കരുതെന്നും തീരുമാനിക്കാനുള്ള അവകാശം ഒരു ഇന്ത്യൻ പൗരന് ഉണ്ടെന്ന്
കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വെങ്കയ്യ നായിഡു. പൗരന്മാരെ എല്ലാവരേയും സസ്യഭുക്കുകൾ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന രീതിയിൽ പറഞ്ഞ് പരത്തുന്നവർ മാനസിക രോഗികൾ ആണെന്നും അദ്ദേഹം പറഞ്ഞു.
 
താൻ ഒരു മാംസഭുക്കാണെന്ന് വെങ്കയ്യ നായിഡു വെളിപ്പെടുത്തി.  ബി ജെ പി എല്ലാവരെയും സസ്യഭുക്കുകളാക്കാൻ ശ്രമിക്കുന്നുവെന്നാണ് ചിലരുടെ വാദം. മാംസഭുക്കായ ഞാൻ ഒരു സംസ്ഥാനത്തിലെ പാർട്ടിയുടെ തലവനായിരുന്നു. ഇപ്പോഴും ‌താൻ പാർട്ടിയുടെ ഉന്നത പദവി വഹിക്കുന്നതും ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 
കശാപ്പ് നിരോധനം സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് കൊഴുക്കവേയാണ് വെങ്കയ്യാ നായിഡുവിന്‍റെ വെളിപ്പെടുത്തൽ. കശാപ്പിനായുള്ള കന്നുകാലികളുടെ കച്ചവടത്തിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും കുറിച്ച് വീണ്ടും ചർച്ച  തുടങ്ങിയത്. 

വെബ്ദുനിയ വായിക്കുക