ഉഭയകക്ഷിബന്ധം ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകും; ഇന്ത്യ - പാക് ചര്‍ച്ച വിജയം

തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (08:09 IST)
അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനിടയിലും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയകരം. ഉഭയകക്ഷിബന്ധം ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്ഥാന്‍റെ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവയും തമ്മില്‍ ബാങ്കോക്കിലാണ് കൂടിക്കാഴ്ച നടത്തിയത്.  
 
ഭീകരത, ജമ്മു - കശ്മീര്‍ ഉള്‍പ്പടെയുള്ള കത്തുന്ന വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. ചര്‍ച്ച വിജയകരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചര്‍ച്ച സാധ്യമാക്കിയത് സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നിവയുള്ള ദക്ഷിണേഷ്യ എന്ന രണ്ട് രാഷ്ട്രത്തലവന്‍മാരുടെ വീക്ഷണമാണെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഭീകരത, ജമ്മു കശ്മീര്‍, സമാധാനം, സുരക്ഷ, നിയന്ത്രണരേഖയിലെ സമാധാനം എന്നിവയുള്‍പ്പെടെ ചര്‍ച്ചയ്ക്ക് വിഷയമായി എന്നും സംയുക്ത പ്രസ്താവനയിലുണ്ട്.
 
ഇന്ത്യ - പാക് വിദേശകാര്യ സെക്രട്ടറിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈയാഴ്ച ഇസ്ലാമാബാദില്‍ നടക്കുന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും. അഫ്ഗാനിസ്ഥാന്‍റെ കാര്യം ചര്‍ച്ചചെയ്യാനാണ് യോഗം.

വെബ്ദുനിയ വായിക്കുക