മുസ്ലിം മതവിശ്വാസികള്‍ക്കിടയില്‍ കേള്‍ക്കുന്ന വാക്കാണ് ഹലാല്‍, ഹറാം എന്നിവ. മുസ്ലിം മതവിശ്വാസം അനുസരിച്ച് ഹറാം എന്നു പറയുമ്പോള്‍ അതിന് നിഷിദ്ധമായത് എന്നാണ് അര്‍ത്ഥം. നൂറ്റാണ്ടുകളായി മുസ്ലിങ്ങള്‍ ഹറാം അവരുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നു. തനിക്കര്‍ഹതയില്ലാത്തത് ഉപയോഗിക്കരുത്, ചെയ്യരുത് എന്നെല്ലാമാണ് ഹറാമിന്റെ അര്‍ത്ഥം. വിശ്വാസമനുസരിച്ച് ചില ഭക്ഷണ പദാര്‍ത്ഥങ്ങളും ചില രീതികളും മുസ്ലിങ്ങള്‍ ഒഴിവാക്കും. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കാലങ്ങളായി ഇങ്ങനെ ഒഴിവാക്കുന്നതെല്ലാം ഹറാം പട്ടികയില്‍ ഉള്‍പ്പെടുന്നു. വ്യക്തിക്കും സമൂഹത്തിനും ഉപദ്രവം ചെയ്യുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഹറാം വ്യവസ്ഥ വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിനു ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പന്നിയിറച്ചി മുസ്ലിങ്ങള്‍ കഴിക്കില്ല. ഈ ഭക്ഷണത്തെ മുസ്ലിം വിശ്വാസികള്‍ ഹറാം ആയാണ് കാണുന്നത്.
തങ്ങള്‍ക്ക് സ്വീകരിക്കാവുന്നതായ എല്ലാ വസ്തുക്കളെയും ഹലാല്‍ ആയാണ് വിശ്വാസി സമൂഹം കാണുന്നത്. ഹലാല്‍ ആയ ഭക്ഷണ സാധനങ്ങള്‍ മാത്രമേ വിശ്വാസി സമൂഹം കഴിക്കൂ. ജീവിതത്തില്‍ ഹലാല്‍, ഹറാം പരിഗണിക്കണമെന്നത് ഇസ്ലാം മതത്തിന്റെ കണിശമായ അനുശാസനയാണ്. ഹലാല്‍ എന്നാല്‍ ഒറ്റ വാക്കില്‍ അനുവദനീയമായത് എന്നാണ് അര്‍ത്ഥം. മറ്റൊരാളുടെ അവകാശം ഹനിക്കാത്ത, മാലിന്യം കലരാത്ത, നിഷിദ്ധമായ കാര്യങ്ങളോ വസ്തുക്കേളാ ഉള്‍പ്പെടാത്ത എല്ലാം ഹലാലാണ്. അത് ചെയ്യുന്നത് വഴി തനിക്കോ മറ്റൊരാള്‍ക്കോ യാതൊരു ദോഷവും ബുദ്ധിമുട്ടും വരരുത് എന്നതാണ് ഹലാലിന്റെ പ്രാഥമിക നിബന്ധന.