Muharram: കർബലയുദ്ധത്തെ അനുസ്മരിക്കുന്ന ഹിന്ദുക്കളുമുണ്ട്. അറിയാം കാസർകോഡിലെ ഹിന്ദു മുസ്ലീം മതസാഹോദര്യത്തിൻ്റെ കാഴ്ചയായ അലാമിക്കളിയെ പറ്റി

ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:16 IST)
കാസർകോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കർണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു നാടോടി കലാരൂപമാണ് അലാമിക്കളി. മുസ്ലീം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കർബലയുദ്ധത്തിൽ  മുഹമ്മദ് നബിയുടെ ചെറുമകൻ കർബല യുദ്ധതിൽ പൊരുതി മരിച്ചതിൻ്റെ ദുഖസ്മരണ മുസ്ലീങ്ങൾ പുതുക്കുന്ന മാസം കൂടിയാണ് മുഹറം. ഈ സ്മരണ തന്നെയാണ് അലാമിക്കളിയുടെയും കാതൽ. കാസർകോഡിൻ്റെ ഹിന്ദുമുസ്ലീം മത്സൗഹാർദ്ദത്തിൻ്റെ മകുടോദാഹരണമാണ് ഈ കലാരൂപം.
 
മുസ്ലീങ്ങളിലെ ഹനഫി വിഭാഗത്തിൽപ്പെട്ട ഫക്കീർമാരായ അലാമികൾ അവതരിപ്പിച്ചിരുന്ന കളിയായിരുന്നു അലാമിക്കളി. ഹിന്ദു മതത്തിൽ പെട്ടവരാണ് അലാമി വേഷം ധരിച്ച് ചടങ്ങിനെ വർണ്ണാഭമാക്കുന്നത്. മുസ്ലീം മതത്തിലെ പ്രമാണിമാരാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുക.കർബല യുദ്ധത്തിൽ ശത്രുസൈന്യം കരിവേഷം കെട്ടി ഹുസൈനേയും) കുട്ടികളേയും ഭയപ്പെടുത്തുന്നു ഈ ഓർമനിലനിർത്താനാണ് കരിനിറത്തിലുള്ള അലാമി വേഷങ്ങൾ.
 
അതികഠിനമായ യുദ്ധത്തിനിടയിൽ തളർന്നുപോയ ഹുസൈൻ്റെ ആൾക്കാർ ദാഹജലത്തിനായി അലഞ്ഞപ്പോൾ യസീദിൻ്റെ സൈന്യം കിണറുകൾക്ക് ചുറ്റും അഗ്നികുണ്ഡങ്ങൾ നിരത്തി അവർക്ക് ദാഹജലം നിഷേധിക്കുന്നു.ഈ സംഭവങ്ങളെല്ലാം അലാമിക്കളിയിൽ അനുസ്മരിപ്പിക്കുന്നു. ഇതിൻ്റെ ഓർമയ്ക്കായി അഗ്നികുണ്ഡത്തിലെ തീക്കനലിൽ അലാമിക്കളിക്കാർ വീണുരുളുന്നു. യുദ്ധത്തിൽ ഹുസൈൻ്റെ ശരീരഭാഗങ്ങൾ ചേദിച്ച് അത് മണ്ണിൽ മൂടാൻ യസീസിൻ്റെ സൈന്യം ശ്രമിച്ചെങ്കിലും ഹുസൈൻ്റെ കരങ്ങൾ മാത്രം മണ്ണിൽ താഴാതെ നിന്നു. അലാമിക്കളിയുടെ പ്രധാന ഇനങ്ങളിൽ ഒന്നായ വെള്ളിക്കരം എഴുന്നെള്ളിപ്പ് ഇതിൻ്റെ അനുസ്മരണമാണ്.
 
കാസർഗോഡു ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത്‌ അലാമിപ്പള്ളി എന്ന പ്രദേശത്താണ് അലാമിക്കളി അരങ്ങേരിയിരുന്നത്. പണ്ട് ഈ വേഷം ധരിച്ചുകൊണ്ട് മുഹറമാസത്തിൽ വീടുവീടാനന്തരം കയറി ഇറങ്ങുന്നവരുണ്ടായിരുന്നു. ഇന്ന് ഈ കളി ആഘോഷമായിട്ട് നടക്കാറില്ലെങ്കിലും ഒരു കലാരൂപം എന്ന നിലയിൽ കളിക്കാറുണ്ട്. കാസർകോഡിലെ ഹിന്ദു മുസ്ലീം മതസാഹോദര്യം ഊട്ടി ഉറപ്പിക്കലാണ് അലാമിക്കളി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍