സംഗീതമെന്നാല്‍ എനിക്കു ജീവിതമാണ്-പറയുന്നത് രണ്ടര പതിറ്റാണ്ടിലേറെയായി തന്റെ അതിശയിപ്പിക്കുന്ന സ്വരമാധുരിയിലൂടെ പരസഹസ്രം ഭാരതീയരുടെ മനസില്‍ കുളിര്മഴയായ പാട്ടുകാരന്-ഹരിഹരന്.
വിനയവും മാനുഷികതയും കൊണ്ട് ഓരോ കലാകാരനും മാതൃകയാക്കത്തക്ക വ്യക്തിത്വമാണ് ഹരിഹരന്.
ഹരിഹരന് ജനപ്രിയനായൊരു കലാകാരനായി വളര്‍ന്നതിന് പിന്നില്‍ കഠിനമായ യത്നത്തിന്റെ കഥയുണ്ട്. 1977 മുതല്‍ തുടങ്ങിയ സംഗീതോപാസന ഇന്നും തുടരുന്നു. കഠിനമായ പരിശ്രമവും അര്‍പ്പണ ബോധവും ഹരിഹരന്റെ സ്വഭാവ വിശേഷതകളാണ്.
അതിലൂടെ അദ്ദേഹം നേടിയെടുത്തതോ തന്റേതായ ഒരു ശൈലി, ശബ്ദം ഇവയൊക്കെയാണ്. സംഗീത പ്രേമികള്‍ അത് തിരിച്ചറിയുകയും ചെയ്തു. സിനിമയില്‍ പാടുക എന്ന തന്റെ ആഗ്രഹം സഫലമാവുക വഴി അദ്ദേഹം ലക്ഷ്യം വച്ചത് ജനപ്രിയനാവുക എന്നതായിരുന്നു. ജനകീയമായ ഈ മാധ്യമം ഓരോ ഗായകന്റെയും ശബ്ദത്തെ ഏവര്‍ക്കും പരിചിതമാക്കുന്നു എന്ന് ഹരിഹരന് പറയുന്നു.
തിരുനെല്‍വേലി സ്വദേശി കര്‍ണ്ണാടക സംഗീതജ്ഞ അലമേലുവിന്റെയും, തിരുവനന്തപുരത്ത് വേരുകളുള്ള എച്ച്.എ.എസ്.മണി ഭാഗവതരുടെയും മകന് ഹിന്ദുസ്ഥാനി സംഗീതത്തോട് പ്രണയമായിരുന്നു. തിരുവനന്തപുരത്തെ പുത്തന്‍തെരുവില്‍ മണി ഭാഗവതരുടെ പൂര്‍വികര്‍ താമസിച്ചിരുന്നു. സംഗീത കോളജില്‍ പഠിച്ച എച്ച്.എ.എസ്.മണി പിന്നീട് സംഗീത അധ്യാപകനായി. ശിഷ്യയായ അലമേലു അദ്ദേഹത്തിന്റെ ഭാര്യയായി.
WD
WD
അമ്മ ഹരിഹരന്റെ ആദ്യ ഗുരുവായി. കര്‍ണ്ണാടക സംഗീതം പഠിപ്പിച്ച അമ്മ തന്നെയാണ് ഈ ഗായകന്റെ എന്നത്തേയും വലിയ ഗുരു. സംഗീതത്തെ ജീവനോളം കാത്ത ആ കുടുംബം, ഹരിഹരന് ഇരുപത് വയസ്സുള്ളപ്പോള്‍ മുംബൈയിലേക്ക് താമസം മാറ്റി. അവിടെ നിരവധി പാട്ടുകാരെയും ഹിന്ദുസ്ഥാനിയിലെ എന്നത്തെയും പ്രഗല്ഭരേയും ഗുരുക്കന്മാരെയും ഹരിഹരന് കണ്ടുമുട്ടി.
മെഹ്ദി ഹസ്സന്റെ ആലാപനം അദ്ദേഹത്തെ ആകര്‍ഷിച്ചു. അദ്ദേഹത്തെ മനസ്സാ ഗുരുവായി വരിച്ചു. ഗസലിനോടുള്ള പ്രിയത്തില് എങ്ങനെയും ഹിന്ദുസ്ഥനി പഠിക്കണമെന്ന് ആശിച്ചു. പില്ക്കാലത്ത് ഹരിഹരന്റെ പാട്ടുകേട്ട ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസ്സന് അഭിനന്ദിച്ചു. ഇത് അദ്ദേഹം ജന്മ സാഫല്യമായി കാണുന്നു.
പിന്നീട് ഹിന്ദുസ്ഥനിയില് ഉസ്താദ് ഗുലാം മുസ്തഫാഖാന്റെ പരിശീലനം നേടി.
ഈ പ്രയാണത്തിനിടയ്ക്ക് പത്മശ്രീ ഉള്‍പ്പൈടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. സംഗീത സംവിധായകനായ എ.ആര്.റഹ് മാനാണ് ഈ അസാധാരണ പ്രതിഭയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ന്നുള്ള യാത്രയില്‍ മലയാള സിനിമയില്‍ ഉള്‍പ്പൈടെ നിരവധി ഗാനങ്ങള്‍ ഹരിഹരന് പാടി.
ഗസലുകളില്‍ മൗസം, ഗുല്‍ഫാം, ദില്‍ കി ബാത്, റിഫ്ളക്ഷന്‍സ് എന്നിവയും റോജ എന്ന സിനിമയിലെ തമിഴാ... തമിഴാ..., ബോംബയിലെ ഉയിരേ.. ഉയിരേ... എന്നിവയും പ്രശസ്തങ്ങളായി. മലയാളത്തില്‍ പാടിയ വാക്കിങ് ഇന്‍ ദ മൂണ്‍ ലൈറ്റ്, ഹേ ദില്‍ റുബ എന്നിവ ഹരിഹരന് പ്രിയപ്പെട്ടവയാണ്.
WD
WD
ഗുസ്നെ വാലോം കാ ജുദാ...., കുഛ് ദൂര് ഹമാരെ സാഥ് ചലോ...., ശരാബ് ലാ.. ശരാബ് ദേ... തുടങ്ങി ജനകീയമായ ഒട്ടേറെ ഗസലുകളുണ്ട് ഹരിഹരന്റേതായി.
1996 ലാണ് യുവതലമുറയ്ക്ക് ഒരു വഴിത്തിരിവായ കൊളോണിയല്‍ കസിന്‍സ് വരുന്നത്. സംഗീത സംവിധായകനും ഗായകനുമായ ലെസ്ലി ലൂയിസും ഹരിഹരനുമൊന്നിച്ച് കര്‍ണ്ണാട്ടിക് പോപ്പ് ഫ്യൂഷനിലൂടെ പുതിയൊരു സംഗീത ശൈലി സൃഷ്ടിക്കുകയായിരുന്നു ഇതിലൂടെ. ഒരു പരീക്ഷണാര്‍ത്ഥം ഇവര്‍ ഒരുക്കിയ ''കൃഷ്ണാ നീ ബേഗനേ..' വിജയമായിരുന്നു. ഇതിന്റെ സംഗീതം ഏവരും തിരിച്ചറിഞ്ഞു.
തന്റെ സഞ്ചാരത്തില്‍ സമാധാനവും ശാന്തിയും ഒരു ധ്യാനത്തിലെന്നപോലെ സംഗീതത്തിലൂടെ കണ്ടെത്തുന്ന ഹരിഹരന് സംഗീതമാണ് ഈശ്വരനിലേക്കുള്ള ചെറുതും എളുപ്പവുമായ വഴിയെന്ന് പറയുന്നു.