പാട്ടിന്റെ പാലാഴി കൊണ്ട് മലയാള സിനിമാഗാനശാഖയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞ വി. ദക്ഷിണാമൂര്‍ത്തിക്കിത് 88 കഴിഞ്ഞു
മലയാള ചലച്ചിത്രഗാനലോകത്തില്‍ അനശ്വരഗാനങ്ങള്‍ക്ക് ഈണം നല്കിയ വി. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ . ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടത് 2003 ഡിസംബര്‍ 22ന് ആയിരുന്നു.
"നല്ല തങ്ക'യില്‍ തുടങ്ങി മലയാള സിനിമാ ശാഖയില്‍ നിറഞ്ഞുനിന്ന ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ "ഈശ്വര ചിന്തയിതൊന്നേ' എന്ന ഗാനം ഇന്നും മലയാളി മനസില്‍ മായാതെ നില്ക്കുന്നു. മലയാളമലര്‍ വാടിയ, ജനനീ നീ ജയിയ്ക്ക നീണാള്‍, പ്രിയമനസ നീ, സ്വപ്നങ്ങള്‍, ഹൃദയ സരസ്സിലെ, കാട്ടിലെ പാഴ്മുളം, ആലാപനം തുടങ്ങി ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകളാണ്.
ദക്ഷിണാമൂര്‍ത്തി മലയാള ചലച്ചിത്ര സംഗീതത്തിലെ ചതുര്‍മൂര്‍ത്തികളെന്നു വിളിയ്ക്കാവുന്നവരില്‍ ആദ്യം രംഗത്തെത്തിയ സംഗീതസംവിധായകനാണ്, അദ്ദേഹം. നിരവധി ഹിന്ദി, തമിഴ് ഗാനങ്ങള്‍ക്ക് ഈണം നല്കി. ഗാനങ്ങളില്‍ ശാസ്ത്രീയസംഗീതത്തിന്റെ സത്തെടുത്ത് സന്നിവേശിപ്പിച്ച് ആ ഗാനങ്ങളെ ആഴവും, ഗൗരവും ലാളിത്യവും ഉള്ളതാക്കിയെടുത്തു.
ശാസ്ത്രീയസംഗീതം അദ്ദേഹത്തിന് കൈവന്ന കലയാണ്. അദ്ദേഹത്തിന്റെ താളബോധം ശാസ്ത്രീയ സംഗീത പ്രേമികളെ അതിശയിപ്പിക്കുന്ന ഒന്നാണ്. ശാസ്ത്രീയസംഗീതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ഒരുപക്ഷെ ഇന്ന് ആ രംഗത്തെ പ്രഥമസ്ഥാനീയനായിരുന്നേനെ.
1919ല്‍ ആലപ്പുഴയില്‍ ഡി.വെങ്കടേശ്വര അയ്യങ്കാരുടെയും പാര്‍വ്വതിയമ്മാളിന്റെയും പുത്രനായി ജനിച്ച അദ്ദേഹം ബാല്യദശയില്‍ തന്നെ അമ്മയില്‍ നിന്ന് ത്യാഗരാജസ്വാമികലുടെ കുറെ കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കി.
എസ്.എസ്.എല്‍.സിയ്ക്കു ശേഷം തിരുവനന്തപുരത്ത് വെങ്കടാചലം പോറ്റിയില്‍ നിന്നും മുറപ്രകാരം സംഗീതം അഭ്യസിച്ചു, പാണ്ഡിത്യവും നേടി. പ്രശസ്ത ഗായികമാരായ കവിയൂര്‍ രേവമ്മ, പി. ലീല, അമ്പിളി, ശ്രീലത, കല്യാണിമേനോന്, ഈശ്വരി പണിയ്ക്കര് തുടങ്ങിയവര്‍ ശിഷ്യഗണങ്ങളില്‍പ്പെടുന്നു.
നല്ല തങ്ക എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി സംഗീതം ഒരുക്കുന്നത്. ആ ചിത്രത്തിലെ നായകന് യേശുദാസിന്റെ അച്ഛന് അഗസ്റ്റിന് ജേസഫായിരുന്നു. ഏറ്റവും നല്ല സംഗീത സംവിധായകനുള്ള പുരസ്കാരം നല്കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.
നവലോകം, ചന്ദ്രിക, അമ്മസ, വേലക്കാരന്, ആശാദീപം, ലോകനീതി, ശരിയോ തെറ്റോ, അവന് വരുന്നു, കിടപ്പാടം, ആത്മാര്‍പ്പണം, നാടോടികള്‍, സീത, ജ്ഞാനസുന്ദരി, ശ്രീകോവില്‍, വിയര്‍പ്പിന്റെ വില, ചിലമ്പൊലി, ശ്രീ ഗുരുവായൂരപ്പന്, കടമറ്റത്തച്ഛന്, ഇന്ദുലേഖ, അധ്യാപിക തുടങ്ങിയ 125-ഓളം ചിത്രങ്ങള്‍ക്ക് ഗാനം നല്കി.
മലയാളത്തില്‍ ഒരു തലമുറയിലെപ്പെട്ട മൂന്നു ഗായകരെ പാടിക്കാനായ പുണ്യവും ദക്ഷിണാമൂര്‍ത്തിക്കു മാത്രം അവകാശപ്പെട്ടത്.അഗസ്റ്റിന് ജോസഫ്, യേശുദാസ് എന്നിവരെ സ്വന്തം സംഗീതത്തില്‍ പാടിപ്പിച്ച സ്വാമികള്‍ ഭദ്രന്റെ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ ദാസിന്റെ മകന് വിജയ് യേശുദാസിനെയും പാടിച്ചു.