ചെമ്പൈക്ക് നാദം തിരിച്ചു നല്‍കി... ഗുരുവായൂരപ്പന്‍
സംഗീതത്തിലെ പ്രതിഭയും ആചാര്യനുമയിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍.ദൈവികവിശ്വാസത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ആളാണ് ചെമ്പൈ. വേദശാസ്ത്രത്തിന്‍റെ നിബന്ധനകള്‍ക്കനുസരിച്ചാണ് അദ്ദേഹത്തിന്‍റെ കുടുംബം സംഗീതത്തെ സമീപിച്ചത്.
അദ്ദേഹം 1931-ല്‍ ഒരു ഏകാദശി ദിവസം സാമൂതിരിയുടെ ആവശ്യപ്രകാരം ചെമ്പൈ ഒരു സംഗീതസദസ്സില്‍ പാടാന്‍ പോയി. കച്ചേരി ആരംഭിച്ചപ്പോള്‍ തന്‍റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നതായി ചെമ്പൈ അറിഞ്ഞു.
ഉടനെ ഗുരുവായൂരിലേയ്ക്ക് ഓടിയ അദ്ദേഹം മനമുരുകി പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് എവിടെനിന്നോ ഒരു നമ്പൂതിരി മുന്നില്‍ വന്ന് കുറച്ച് മരുന്നുകള്‍ കൊടുത്തു.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടി.ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹത്തിന്‍റെ ശബ്ദം കൂടുതല്‍ മധുരതരമായതെന്ന് പറയപ്പെടുന്നു.
ചെമ്പൈയ്ക്ക് നാദം തിരിച്ചു കിട്ടി. സാമൂതിരിക്ക് മുന്നില്‍ പാടാനും കഴിഞ്ഞു. അജ്ഞാതനായ ആ ബ്രാഹ്മണന്‍ ഗുരുവായൂരപ്പന്‍ തന്നെയാണെന്ന് ചെമ്പൈ വിശ്വസിച്ചു. ആ വര്‍ഷം മുതല്‍ എല്ലാ ഏകാദശിക്കും ഗുരുവായൂരിലെ ഉദായസ്തമനപൂജ ചെമ്പൈയുടെ വകയായിരുന്നു. അദ്ദേഹം മരിക്കുന്നതുവകെ അതു മുടങ്ങിയില്ല.
ഇതിന്‍റെ സ്മരണക്കാണ് ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം .ആദ്യം ഇത് നാലുദിവസം മാത്രമുള്ള ഉത്സവമായിരുന്നു. ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതിനുസരിച്ച് സംഗീതോത്സവം 10 ദിവസമാക്കി. കേരളത്തിനകത്തും പുറത്ത് നിന്നും അസംഖ്യം സംഗീതജ്ഞരാണ് ചെമ്പൈ സംഗീതോത്സവത്തിനെത്തുന്നത്.
1896 സെപ്റ്റംബറില്‍ ജനിച്ച അദ്ദേഹത്തിന്‍റെ രക്തത്തില്‍ ജന്മനാതന്നെ സംഗീതം അലിഞ്ഞുചേര്‍ന്നിരുന്നു. ലോകപ്രസിദ്ധസംഗീതജ്ഞ ചക്രതാന സുഭാ അയ്യരുടെ കൊച്ചുമകനായ ചെമ്പൈ അച്ഛനമ്മമാരില്‍ നിന്നും, മുത്തശിയില്‍ നിന്നും ചെറുപ്പം മുതല്‍ക്കേ സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചു.
താളവും, ശ്രുതിയും ഒരു പോലെ ഒത്തുവന്ന അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ശ്രോതാക്കളുടെ മനസുകളില്‍ നേരിട്ട് പതിക്കുകയായിരുന്നു .
സംഗീതജ്ഞരില്‍ വ്യത്യസ്തന്‍ - ചെമ്പൈ
മറ്റൊരു സംഗീതജ്ഞനും ഇല്ലാത്ത ഒരു പ്രത്യേകത അദ്ദേഹത്തിനുണ്ടായിരുന്നു. . കൂടെയുള്ളവര്‍ക്ക് സംഗീത മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം അദ്ദേഹം എപ്പോഴും നല്‍കി. അതിനായി എന്ത് സഹായം ചെയ്യാനും അദ്ദേഹം എപ്പോഴും തയ്യാറായി.
സംഗീതത്തില്‍ മാത്രമല്ല വാദ്യോപകരണങ്ങളിലും തനതായ വ്യക്തിമുദ്ര കൈവരിച്ച ആളാണ് ചെമ്പൈ. സ്വാമി ശിവാനന്ദ അദ്ദേഹത്തിനെ സംഗീത സാമ്രാട്ട് എന്ന സംബോധന ചെയ്തു.
1974 ഒക്ടോബര്‍ 16 ന് മരിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എല്ലാ കൊല്ലവും സംഗീതസദസ് നടത്താറുണ്ട്