ഇന്നസെന്‍റിനും ഉര്‍വശീശാപം ഉപകാരമായി!

ചൊവ്വ, 30 ഓഗസ്റ്റ് 2011 (12:59 IST)
PRO
‘ചക്കിന് വച്ചത് കൊക്കിന് കൊള്ളുക’ എന്നൊരു പഴമൊഴിയുണ്ട് മലയാളത്തില്‍. പ്രശസ്ത ഹാസ്യതാരം ഇന്നസെന്റിന്റെ ജീവിതത്തിലും ഈ പഴമൊഴി സൂചിപ്പിക്കുന്ന പോലുള്ള അനേകം മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഇത്തരം മുഹൂര്‍ത്തങ്ങള്‍ ‘ഉര്‍വശീശാപം’ പോലെ ഇന്നസെന്റിന് അനുഗ്രഹം ആവുകയും ചെയ്തിട്ടുണ്ട്. ഈ കഥകളില്‍ പലതും ഇന്നസെന്റ് പലപ്പോഴായി പറയുകയും എഴുതുകയും ചെയ്തിട്ടുള്ളതാണ്. എങ്കിലും, വായനക്കാര്‍ കേട്ടിട്ടില്ലാത്ത രണ്ട് കഥകള്‍ ഇതാ.

ജീസസ് എന്ന സിനിമയിലാണ് ഇന്നസെന്റ് ആദ്യമായി അഭിനയിക്കുന്നത്. അഭിനയിക്കണമെന്ന മോഹമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ആദ്യമായിട്ടാണ് ക്യാമറാ കാണുന്നത്. ഇന്നസെന്റിന്റെ ‘കഴിവ്’ കണ്ടിട്ടാണോ എന്തോ ‘തൊണ്ണൂറ്’ വയസുള്ള ഒരു രാജഗുരുവിന്റെ വേഷമാണ് സംവിധായകന്‍ ഇന്നസെന്റിന് നല്‍‌കിയത്. കൂടെ വേറെയും പേര്‍ അഭിനയിക്കുന്നുണ്ട്. സം‌വിധായകന്‍ ‘സ്റ്റാര്‍ട്ട്’ എന്ന് പറയേണ്ട താമസം ഇന്നസെന്റിന്റെ മുട്ട് കൂട്ടിയിടിക്കാന്‍ തുടങ്ങി.. മൊത്തത്തില്‍ ആകെ കുഴപ്പമായി.

വല്ല വിധേനെയും ഡയലോഗ് പറഞ്ഞൊപ്പിച്ച് ചമ്മല്‍ ഒളിപ്പിച്ച് അവിടെ നിന്ന് കടക്കാന്‍ തുടങ്ങിയ ഇന്നസെന്റിനെ സംവിധായകന്‍ തടഞ്ഞുനിര്‍ത്തി. ഇന്നസെന്റിന്റെ കെട്ടിപ്പിടിച്ചുകൊണ്ട് സംവിധായകന്‍ പറഞ്ഞു, ‘സൂപ്പര്‍, തൊണ്ണൂറുകാരന്റെ ശാരീരിക ചേഷ്ടകള്‍ എല്ലാം ഇന്നസെന്റ് സൂക്ഷ്മതയോടെ അഭിനയിച്ചു.’ സംവിധായകന്റെ പ്രശംസ കേട്ട് ഇന്നസെന്റ് ഞെട്ടി. പേടികൊണ്ട് മുട്ട് കൂട്ടിയിടിച്ചത് ഇന്നസെന്റ് സ്വാഭാവികമായി അവതരിപ്പിച്ചതാണ് എന്നായിരുന്നു പാവം സംവിധായകന്‍ കരുതിയത്!

അബദ്ധം അനുഗ്രഹമായ മറ്റൊരു കഥയും ഇന്നസെന്റ് പറയാറുണ്ട്. ഇന്നസെന്റ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏഴാം ക്ലാസുകാരും എട്ടാം ക്ലാസുകാരും തമ്മില്‍ ഒരു പന്തുകളി മത്സരം നടന്നു. കളി തകര്‍ത്ത് നടക്കുമ്പോള്‍ ഒരു പന്ത് ഇന്നസെന്റിന്റെ നെഞ്ചത്തേക്ക് തന്നെ പറന്നുവന്നു. രക്ഷപ്പെടാന്‍ വേണ്ടി ഇന്നസെന്റ് ഒരു ചാട്ടം വച്ചുകൊടുത്തു. എന്നാല്‍ ഇന്നസെന്റിന്റെ കാല് പന്തില്‍ കൊള്ളുകയും പഞ്ച് നേരെ വലയിലാവുകയും ചെയ്തു!

പന്ത് ഗോളായിക്കഴിഞ്ഞപ്പോള്‍ ടീമംഗങ്ങള്‍ എല്ലാവരും കൂടി ഇന്നസെന്റിനെ പൊക്കിയെടുത്ത് സന്തോഷം പ്രകടിപ്പിച്ചു. സ്കൂളിന്റെ പ്രിന്‍സിപ്പലായ ആന്‍‌ഡ്രൂസച്ചന്‍ ഇന്നസെന്റിനെ കെട്ടിപ്പിടിച്ചിട്ട് ചോദിച്ചു, ‘നീയടിച്ച പോലെ ഇത്ര ഡിഗ്രിയില്‍ ഇത്ര ചെരിച്ച് ഗോളടിച്ച ഒരാളേ ഉള്ളൂ, ഫ്രാന്‍സിന് വേണ്ടി കളിക്കുന്ന നിയാഗോ എന്ന ഫുട്ബോളറാണത്. എങ്ങിനെയാണ് നീയത് സാധിച്ചത്?’ ഇന്നസെന്റല്ലേ ആള്. കക്ഷിയുടന്‍ തട്ടിവിട്ടു, ‘കുറേ കാല്‍‌ക്കുലേറ്റ് ചെയ്താണച്ചോ അടിച്ചത്!’ അങ്ങിനെ നെഞ്ചത്ത് കൊള്ളേണ്ട പന്ത് ഒഴിഞ്ഞും പോയി, പ്രശംസ ലഭിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക