ലോഹിതദാസിന്‍റെ പ്രണയകല്‍പ്പനകള്‍

വ്യാഴം, 27 ജൂണ്‍ 2013 (20:02 IST)
PRO
ലോഹിതദാസിന്‍റെ സിനിമകളില്‍ പ്രണയം ‘ഐ ലവ് യൂ’ പറഞ്ഞ് മരം ചുറ്റി നടക്കുന്നവരുടേതായിരുന്നില്ല. പ്രണയകഥയെന്ന് മാത്രം വിശേഷിപ്പിക്കാന്‍ പാകത്തില്‍ ഒരു സിനിമ അദ്ദേഹം രൂപപ്പെടുത്തിയുമില്ല. സങ്കീര്‍ണമായ ജീവിതാവസ്ഥകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന നൊമ്പരങ്ങളില്‍ ചാലിച്ചതായിരുന്നു ലോഹിച്ചിത്രങ്ങളിലെ പ്രണയം.

പ്രണയം മുഖ്യപ്രമേയമാക്കിയ ഒരു സിനിമയെന്ന് വേണമെങ്കില്‍ ഓര്‍മ്മച്ചെപ്പിനെ വിശേഷിപ്പിക്കാം. സമീര എന്ന പെണ്‍കുട്ടിയോട് ജീവന് അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തമായ പ്രണയമായിരുന്നു. ആര്‍ക്കും വിട്ടുകൊടുക്കാത്ത, വളരെ പൊസസ്സീവായ പ്രണയം. അതില്‍ നിന്ന് ഓടിയകലാനാണ് അവള്‍ മോഹിച്ചത്. പക്ഷേ അവന് അത് അവന്‍റെ ജീവിതം തന്നെയായിരുന്നു. ഈ ജന്‍‌മത്തില്‍ അവളെ ലഭിക്കില്ലെന്ന് മനസിലാക്കി ‘അടുത്ത ജന്‍‌മത്തിലെങ്കിലും എന്നോടൊപ്പമുണ്ടാകണമെന്ന്’ അവളോട് ആവശ്യപ്പെട്ട ശേഷമാണ് ജീവന്‍ ആ വെള്ളച്ചാട്ടത്തില്‍ ജീവിതം അവസാനിപ്പിക്കുന്നത്.

രാധാമാധവം എന്ന സിനിമയിലെ പ്രണയം എടുത്തുപറയേണ്ടതാണ്. അനന്തപത്മനാഭന്‍ എന്ന പ്രശസ്തനായ എഴുത്തുകാരന് സുധ എന്ന സിനിമാനടിയോടുള്ള പ്രണയവും അവരുടെ ജീവിതവുമാണ് ആ ചിത്രത്തിന്‍റെ പ്രമേയം. അനന്തപത്മനാഭന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക:

“എനിക്ക് എല്ലാത്തിനോടും അസൂയയാണ്. നിന്നെ തഴുകുന്ന കാറ്റിനോട്, നിന്‍റെ ഉടയാടകളോട്, എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന നിന്‍റെ തലയിണകളോട്” - അനന്തപത്മനാഭന്‍ തന്‍റെ ഹൃദയേശ്വരിയെ ജീവനു തുല്യമാണ് സ്നേഹിച്ചത്. അവളുടെ ഇരട്ടിയിലധികമായിരുന്നു അയാളുടെ പ്രായം. പക്ഷേ പ്രണയത്തിന് പ്രായമോ മറ്റെന്തെങ്കിലുമോ ബാധകമാകില്ലെന്ന് വിളിച്ചു പറയുകയായിരുന്നു ലോഹിതദാസ്. അതു തന്നെയാണ് ഉദ്യാനപാലകനിലും തെളിയുന്നത്.

കിരീടത്തിലെ സേതുമാധവന്‍ ഹൃദയം പൊട്ടുന്ന വേദനയോടെയാണ് ദേവിയോട് യാത്ര പറയുന്നത്. അവളെ സ്വീകരിക്കാന്‍ അപ്പോഴത്തെ അവസ്ഥയില്‍ സേതുവിന് കഴിയുമായിരുന്നില്ല. “എനിക്കെല്ലാം നഷ്ടപ്പെടുകയാണ്. നിന്നെയും എനിക്ക് നഷ്ടപ്പെടണം” - സേതു പറഞ്ഞു. ആ പ്രണയനഷ്ടവും ‘കണ്ണീര്‍ പൂവിന്‍റെ...’ എന്ന ഗാനവും ആര്‍ക്കാണ് മറക്കാനാകുക.

ചെങ്കോലിലും പ്രണയമുണ്ട്. നായകന്‍ നായികയോട് വിവാഹാഭ്യര്‍ത്ഥനയാണ് നടത്തുന്നത്. എന്നാല്‍ അത് നായികയ്ക്ക് വിശ്വസിക്കാനാവുന്നില്ല. പ്രണയമോ വിവാഹമോ തനിക്ക് വിധിച്ചിട്ടില്ലെന്നായിരുന്നു അവള്‍ കരുതിയിരുന്നത്. “ചിലര്‍ക്ക് വേണ്ടത് ഒരു ദിവസം. ചിലര്‍ ഞാന്‍ നോക്കിക്കോളാം നിന്നേന്നു പറയും. വിവാഹം കഴിച്ചോട്ടേന്ന് ചോദിക്കുന്നത് ആദ്യാ” - അവള്‍ പറയുന്നു.

ചകോരത്തിലെ തന്‍റേടിയായ ശാരദാമണി ഒടുവില്‍ നായകന്‍റെ പ്രണയത്തിന് വഴങ്ങുകയാണ്. മറ്റാരെയും പോലെ താനും പെണ്ണിന്‍റെ വികാരവിചാരങ്ങളുള്ളവളാണെന്ന് അവള്‍ തിരിച്ചറിയുന്നു. ഒരു ചുംബനത്തില്‍ തന്‍റെ എല്ലാ തന്‍റേടവും കൊഴിഞ്ഞ് വിവശയാകുന്നവളാണ് മഹായാനത്തിലെ നായിക. കന്‍‌മദത്തിലെ ഭാനുവും അതുപോലെ തന്നെ. വിശ്വനാഥന്‍റെ പ്രണയാര്‍ദ്രമായ ഒരു ചുംബനത്തില്‍ അവളിലെ ശിലാഹൃദയം അലിഞ്ഞില്ലാതാകുന്നു.

അടുത്ത പേജില്‍ - അമരത്തിലെ മുത്തും അരയന്നങ്ങളുടെ വീടും

PRO
വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ പ്രണയം ഒരു എടുത്തുചാട്ടമാണ്. എന്നാല്‍ അത് ഒരു എടുത്തുചാട്ടമായിരുന്നു എന്നു തിരിച്ചറിയുന്ന അയാള്‍ ജീവിതത്തോട് പടവെട്ടി വിജയം കാണുകയാണ്. അത് പ്രണയത്തിന്‍റെ വിജയം കൂടിയാണ്. കസ്തൂരിമാനില്‍ കാമുകനു വേണ്ടി ത്യാഗം സഹിക്കുന്നവളാണ് പ്രിയംവദ. ഒടുവില്‍ എല്ലാവരും തള്ളിപ്പറയുമ്പോള്‍ അവള്‍ക്ക് പിടിച്ചുനില്‍ക്കാനാവുന്നില്ല.

അരയന്നങ്ങളുടെ വീട് പകരുന്നത് പ്രണയം കാത്തിരിപ്പിന്‍റേതുകൂടിയാണ് എന്ന സന്ദേശമാണ്. ഒരിക്കല്‍ നാടുവിട്ടു പോയ കാമുകന്‍ തിരിച്ചു വരുമെന്ന വിശ്വാസത്തില്‍ അവള്‍ കാത്തിരുന്നു. പക്ഷേ അയാള്‍ വന്നത് ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമായിരുന്നു. തനിക്ക് എന്നും കാവലായി നിന്ന ഒരു മനുഷ്യന്‍റെ തിളച്ചുമറിയുന്ന പ്രണയം അവള്‍ തിരിച്ചറിഞ്ഞതും അപ്പോഴായിരുന്നു.

സല്ലാപത്തിലെ നായകന്‍ പ്രണയിക്കാന്‍ പോലും കഴിവില്ലാത്ത നിസഹായനാണ്. അയാള്‍ ഉപേക്ഷിക്കുമ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്ന അവളെ ദിവാകരന്‍ രക്ഷിക്കുകയാണ്. “ആര്‍ക്കു വേണ്ടെങ്കിലും എനിക്കു വേണമെടീ നിന്നെ... എനിക്കു വേണം” - കുട്ടിക്കാലം മുതല്‍ കൊതിച്ചു നടന്ന ഒരു ജീവിതം അതോടെ അയാള്‍ക്ക് സ്വന്തമാകുന്നു.

കമലദളത്തിലാകട്ടെ, താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് നൃത്താധ്യാപകനോട് അതിരുകവിഞ്ഞ അടുപ്പമുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന ഒരു യുവാവായാണ് വിനീത് അഭിനയിക്കുന്നത്. അയാളെ കൊന്നിട്ടായാലും അവളെ വീണ്ടെടുക്കണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്. ഇത്തരം അസൂയ കലര്‍ന്ന പ്രണയം വെങ്കലത്തിലും, മൃഗയയിലും നമ്മള്‍ കണ്ടു. മൃഗയയില്‍, പുലിയെ കൊല്ലുന്നത് ആരായാലും അയാളെ വിവാഹം കഴിക്കുമെന്ന് തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ലോഹി വരച്ചിടുന്നത്.

അമരത്തില്‍ അച്ഛന്‍റെ സ്നേഹത്തെയും കരുതലിനെയും സംരക്ഷണത്തെയും മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോകുകയാണ് മുത്ത്. അച്ഛന്‍റെ സങ്കടം അവള്‍ക്ക് താങ്ങാന്‍ വയ്യ, പ്രണയം നഷ്ടപ്പെടാനും വയ്യ. ഒടുവില്‍ പ്രണയത്തിനാണ് അവള്‍ വിലകല്‍പ്പിക്കുന്നത്. കാരുണ്യത്തില്‍ പ്രണയനഷ്ടത്താല്‍ ഹൃദയം തകര്‍ന്ന് കരയുന്ന നായകനോട് ‘അവളെ വിളിച്ചിറക്കിക്കൊണ്ടുവരാന്‍’ ആവശ്യപ്പെടുന്നത് അയാളുടെ പിതാവ് തന്നെയാണ്. പക്ഷേ ആ പ്രണയം നായകന്‍റെ ജീവിതഭാരം കൂടുതല്‍ വര്‍ദ്ധിപ്പിച്ചതേയുള്ളൂ.

കുട്ടേട്ടനിലെ നായകന് കാണുന്ന പെണ്‍കുട്ടികളോടെല്ലാം പ്രണയമാണ്. നമ്മുടെ നാട്ടിലെ പ്രണയരോഗികളെയാണ് ഈ സിനിമയിലൂടെ ലോഹിതദാസ് കാണിച്ചുതരുന്നത്. ഈ പ്രണയഭ്രാന്ത് ഒടുവില്‍ നായകന് വിനയായിത്തീരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയില്‍ തനിക്ക് അര്‍ഹിക്കാത്തതെങ്കിലും ഒളിച്ചു നിന്നുള്ള കാഴ്ചകളിലൂടെ അബ്ദുള്ളയോടുള്ള പ്രണയം പ്രഖ്യാപിക്കുന്നവളാണ് രാധ.

നിവേദ്യത്തിലെ പ്രണയത്തിന് ഒരു സംരക്ഷണ ഭാവമുണ്ട്. നായികയ്ക്ക് അഭയം നല്‍കുന്നവനാണ് നായകന്‍. ചക്കരമുത്തിലാകട്ടെ തന്‍റെ പ്രണയം തുറന്നു പറയാന്‍ പോലും ഭയക്കുന്നവനാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം. തൂവല്‍കൊട്ടാരത്തിലെ നായികയും പ്രണയം നഷ്ടപ്പെട്ടേക്കുമെന്ന വിങ്ങലില്‍ നീറുന്നവളാണ്.

ലോഹിതദാസിന് പ്രണയം ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ്. നെരിപ്പോടു പോലെ നീറുന്ന ജീവിതക്കാഴ്ചകളാണ് ലോഹി തന്‍റെ ചിത്രങ്ങളിലൂടെ പകര്‍ന്നു തന്നത്. അവയില്‍ പ്രണയവും പ്രണയനഷ്ടവും വിരഹവുമെല്ലാം അദ്ദേഹം ചാലിച്ചു ചേര്‍ത്തിരിക്കുന്നു.

വെബ്ദുനിയ വായിക്കുക