ലോക്പാല്‍ ബില്ലിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതിന് ശക്തമായ അടിത്തറയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് തരുണ്‍ തേജ്പാല്‍ പറഞ്ഞു. ഹേ ഫെസ്റ്റിവലില്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ തേജ്പാല്‍. അണ്ണാ ഹസാരെയും അഴിമതിവിരുദ്ധ സമരത്തെ ഗാന്ധിയന്‍ സമരം എന്നു വിളിക്കാനാകില്ല. കാരണം ഗാന്ധിജിയുടെ വഴികള്‍ വ്യത്യസ്തമാണ്. ആത്മപരിശോധനയാണ് ഗാന്ധിയുടെ മാര്‍ഗമെന്നും ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ഉന്നത അധികാരികള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതിന് മുമ്പ് സ്വയം വിശകലനം ചെയ്യാന്‍ തയ്യാറാകണമെന്നും തരുണ്‍ തേജ്പാല്‍ സൂചിപ്പിച്ചു. അഴിമതി ഒരു രോഗലക്ഷണമാണെന്നും രോഗം അസമത്വമാണെന്നും തരുണ്‍ തേജ്പാല്‍ പറഞ്ഞു.
ഔട്ട്ലുക്ക് മാസികയുടെ മാനേജിംഗ് എഡിറ്റര്‍ പദവി രാജിവെച്ചശേഷം 2000ല്‍ തെഹല്‍ക്ക ആരംഭിച്ചു. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ തെഹല്‍ക്ക, ക്രിക്കറ്റ്, സൈനിക-കായിക കുംഭകോണങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. വാലി ഓഫ് മാസ്ക്ക് എന്ന പുസ്തകത്തെക്കുറിച്ചാണ് തരുണ്‍ ഏറെയും സംസാരിച്ചത്.
തരുണിന്റെ മൂന്നു പുസ്തകങ്ങളുടെയും വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും ശൈലികളും മനപൂര്‍വ്വമാണോയെന്ന ചോദ്യത്തിന് എഴുത്തിന്റെ ഒഴുക്കിനിടയില്‍ വന്നുപോയതെന്നായിരുന്നു തരുണ്‍ തേജ്പാലിന്റെ മറുപടി. മനസില്‍ തോന്നിയ ആശയം പെട്ടെന്ന് പകര്‍ത്തിവെയ്ക്കാറില്ല. പറഞ്ഞുപഴകിയ വിഷയങ്ങള്‍ തന്നെ വീണ്ടും അവതരിപ്പിക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി അനുഭവപ്പെട്ടിട്ടുള്ളത്. പക്ഷെ പുതുമയുള്ള അവതരണവും ശൈലിയും കൊണ്ട് അതിനെ മറികടക്കുന്നതാണ് തന്റെ രീതിയെന്നും തരുണ്‍ തേജ്പാല്‍ പറഞ്ഞു.
പുസ്തകരചനയേക്കാള്‍ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കാണ് തരുണ്‍ തേജ്പാല്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെ ഉയര്‍ത്തി കാട്ടി നടക്കുന്ന പലരും അതിനെ ഹനിക്കുന്നതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് തരുണ്‍ തേജ്പാല്‍ പറഞ്ഞു. ഹൈന്ദവ തത്വങ്ങള്‍ എഴുത്തില്‍ പ്രതിഫലിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായി മഹാഭാരതമാണ് തന്നെ ഏറ്റവും സ്വാധീനിച്ച കൃതിയെന്നായിരുന്നു തരുണ്‍ തേജ്പാല്‍ പറഞ്ഞത്. അതിലെ ധര്‍മ്മം എന്ന ആശയമാണ് ഏറ്റവും ശ്രേഷ്ഠമായത്. ധര്‍മ്മത്തിന് പ്രത്യേകിച്ച് വിശേഷണമില്ലെന്നും വായനക്കാരന്‍ തന്റെ ജീവിതാനുഭവങ്ങളിലൂടെ അതിന് വിശേഷണം നല്‍കുകയാണെന്നും തരുണ്‍ വ്യക്തമാക്കി. വായനക്കാരനെ സുഖിപ്പിക്കാനല്ല, അസ്വസ്ഥപ്പെടുത്താനാണ് തനിക്ക് താല്‍പര്യമെന്നും പറഞ്ഞാണ് തരുണ്‍ തേജ്പാല്‍ സംസാരം അവസാനിപ്പിച്ചത്.