മഹാശ്വേതാദേവി: എഴുത്ത് അഥവാ സമരം, ജീവിതം അഥവാ പോരാട്ടം!

ഊര്‍മ്മിള ദത്താത്രേയ

വ്യാഴം, 28 ജൂലൈ 2016 (17:02 IST)
“യഥാര്‍ത്ഥ ചരിത്രം നിര്‍മ്മിക്കുന്നത് സാധാരണക്കാരാണ്. അവരുടെ പോരാട്ടവും തകര്‍ച്ചയും വേദനയുമാണ് എല്ലാവര്‍ക്കും പ്രചോദനം സൃഷ്ടിക്കുന്നത്. എന്‍റെ എഴുത്തിന്‍റെയും വളമായിരുന്നു പാവപ്പെട്ടവരുടെ ജീവിതം. അവരെ അറിഞ്ഞുതുടങ്ങിയാല്‍ പിന്നെ എഴുത്തിന്‍റെ മെറ്റീരിയലുകള്‍ക്കായി ഞാന്‍ മറ്റെവിടെ തിരയണം?”  - മഹാശ്വേതാദേവിയുടെ വാക്കുകള്‍. ഈ വാക്കുകളിലുണ്ട് ആ എഴുത്തിന്‍റെയും ജീവിതത്തിന്‍റെയും സാരാംശം.
 
ആദിവാസി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച എഴുത്തുകാരിയായിരുന്നു മഹാശ്വേതാദേവി. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു. എഴുത്തും ജീവിതവും അവര്‍ക്ക് രണ്ടല്ലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ജനാധിപത്യ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനമായിരുന്നു ആ ജീവിതത്തിന്‍റെ തെളിച്ചം.
 
ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു മഹാ‍ശ്വേതയുടെ ജനനം. കവിയായ അച്ഛനും ആക്ടിവിസ്റ്റായ അമ്മയ്ക്കും പിറഞ്ഞവള്‍. വിഭജനത്തിന്‍റെ രാഷ്ട്രീയം കൊടുമ്പിരി കൊണ്ട സമയമായിരുന്നു അത്. അവരുടെ എഴുത്തുജീവിതത്തെ അത് ഏറെ സ്വാധീനിച്ചു. വിവാഹവും വേര്‍പിരിയലും ദാരിദ്ര്യവുമൊക്കെ എഴുത്തിന് വളമായി. മുഖ്യമന്ത്രി ബുദ്ധദേബിനെ അധികാരത്താല്‍ മത്തുപിടിച്ചവനെന്ന് വിളിച്ചു. ടി പിയുടെ വധത്തോടെ കേരളത്തിലെ സി പി എം പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. സമൂഹത്തിന്‍റെ അരികുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ വാക്കായി മഹാശ്വേതാദേവി മാറി.
 
ബംഗാള്‍ സാഹിത്യത്തിലെ ഇതിഹാസമായിരുന്നു അവര്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാര്‍ക്കെന്നപോലെ കേരളീയര്‍ക്കും അവര്‍ പ്രിയപ്പെട്ടവളായി. ആദിവാസികളെയും ദളിതുകളെയും ചേര്‍ത്തുപിടിക്കുന്ന രചനകളായിരുന്നു മഹാശ്വേതാ ദേവിയുടേത്. പിണറായി വിജയനെ തുറന്നു വിമര്‍ശിച്ച് കത്തെഴുതിയതും പിണറായി അതിന് മറുപടിയെഴുതിയതും ഒടുവില്‍ വിജയനെ തെറ്റിദ്ധരിച്ചതിന് ക്ഷമാപണം നടത്തിക്കൊണ്ട് മഹാശ്വേതാ ദേവി മറുപടിയെഴുതിയതും വലിയ വാര്‍ത്തകളായി.
 
തൊണ്ണൂറാം വയസിലും അവര്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്നു. വി എസ് അച്യുതാനന്ദന്‍ സിപിഎം വിട്ട് പുറത്തുവരണമെന്നും പുതിയൊരു ചിന്താധാരയ്ക്ക് നേതൃത്വം നല്‍കണമെന്നും മഹാശ്വേതാദേവി പറഞ്ഞു. ടി പിയുടെ കൊലപാതകം കേരളത്തിന്‍റെ കണ്ണീരായപ്പോള്‍ അവര്‍ വടകരയിലെത്തി കെ കെ രമയെ സന്ദര്‍ശിച്ചു. 
 
കൊല്‍ക്കത്തയും കണ്ണൂരും നന്ദിഗ്രാമും മൂലമ്പള്ളിയും മഹാശ്വേതാദേവി സമരഭൂമിയാക്കി. ബംഗാളിലെ ഭൂമിയേറ്റെടുക്കല്‍ വിഷയത്തിലും കേരളത്തിലെ ഭൂമിയേറ്റെടുക്കല്‍ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു. മൂലമ്പള്ളിയിലും ആലപ്പുഴയിലും അവര്‍ വന്നു. നന്ദിഗ്രാം, സിംഗൂര്‍ സമരങ്ങള്‍ക്ക് മഹാശ്വേതാദേവി നേതൃത്വം നല്‍കിയപ്പോഴാണ് അവ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
 
നീതിക്കുവേണ്ടിയുയര്‍ന്ന ശബ്ദമായിരുന്നു മഹാശ്വേതാദേവിയുടേത്. ഏതെങ്കിലും ഒരു കൊടിയടയാളത്തിന് പിന്നാലെ പോയിട്ടില്ല മഹാശ്വേത. അവര്‍ക്കൊപ്പം നമുക്ക് നടക്കാം, അവരെ ഒപ്പം നടത്താനാവില്ല. ഇന്ത്യന്‍ സാഹിത്യത്തിലെ ഉന്നത ശിഖരമാണ് മഹാശ്വേതാദേവിയുടെ വിയോഗത്തോടെ മറയുന്നത്.
 
ഹസാര്‍ ചൌരാസിര്‍ മാ, ഝാന്‍സി റാണി, അരണ്യേര്‍ അധികാര്‍, അഗ്നിഗര്‍ഭ, രുദാലി, ദ്രൌപദി തുടങ്ങിയവ മഹാശ്വേതാദേവിയുടെ പ്രധാന കൃതികളാണ്. സംഘര്‍ഷ്, രുദാലി, ഹസാര്‍ ചൌരാസി കി മാ, ഗംഗോര്‍ തുടങ്ങിയ സിനിമകള്‍ മഹാശ്വേതയുടെ കൃതികളെ ആധാരമാക്കി നിര്‍മ്മിച്ചതാണ്.

വെബ്ദുനിയ വായിക്കുക