പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റ് ആന്‍ഡ്രൂ മില്ലര്‍ പ്യൂവര്‍ എന്ന പുതിയ കൃതിയെ വിശേഷിപ്പിക്കുന്നത് തിരുത്തിയ ഭ്രാന്ത് എന്നാണ്. തിരുവനന്തപുരത്ത് ഹേ ഫെസ്റ്റിവലില്‍, ബ്രിട്ടീഷ് നിരൂപക ലോര്‍ണ ബ്ലാഡ്ബറിയുമായി നടത്തിയ സംഭാഷണത്തില്‍ പ്യൂവര്‍ എന്ന നോവലിനെക്കുറിച്ചാണ് മില്ലര്‍ ഏറെയും സംസാരിച്ചത്. ഭൂതകാലത്തെ മറന്ന് പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുക എന്ന ആശയമാണ് പ്യൂവര്‍ പങ്കുവെയ്ക്കുന്നത്. നോവലിലെ കഥാപാത്രങ്ങള്‍ കഥയുടെ ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തുന്നു. ഈ അവസ്ഥയെ തിരുത്തിയ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടമെന്നും മില്ലര്‍ പറഞ്ഞു.
പ്യൂവര്‍ എന്ന നോവലിലെ ഒരു പ്രസക്ത ഭാഗം മില്ലര്‍ സദസിനെ വായിച്ചുകേള്‍പ്പിച്ചു. നോവലിലെ മുഖ്യ കഥാപാത്രം ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണെങ്കിലും പരിഷ്കൃത ജീവിതം ആഗ്രഹിക്കുന്നയാളാണ്. ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തിപ്പെടുന്നുണ്ട്. കഥാപാത്രങ്ങളെ മറ്റൊരാളുടെ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്. സ്വത്വത്തിന്റെ അവസ്ഥയില്‍ തന്റെ കഥാപാത്രങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും മില്ലര്‍ പറഞ്ഞു. ചരിത്രത്തിന്റെ ആസ്പദമാക്കിയുള്ള ഫിക്ഷന്‍ രചിക്കുമ്പോള്‍ എല്ലാ അവസരങ്ങളെയും ഉപയോഗപ്പെടുത്തി, യാതൊരു സംശയത്തിനും ഇടനല്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ആറു നോവലുകള്‍ രചിച്ച മില്ലറിന്റെ കൃതികളില്‍ ഏറെയും പതിനെട്ടാം നൂറ്റാണ്ട് പശ്ചാത്തലമാക്കിയുള്ളതാണ്. ഒരു പുസ്തകം വായിക്കുമ്പോള്‍ അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ താന്‍ താല്പര്യം കാണിക്കാറുണ്ടെന്ന് മില്ലര്‍ പറഞ്ഞു. ഫ്രഞ്ച് വിപ്ലവവും മറ്റ് ചരിത്രവിഷയങ്ങളും പ്രമേയമാകുന്ന പുസ്തകങ്ങള്‍ കൂടുതല്‍ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കഥയിലെ സങ്കല്പങ്ങള് സുന്ദരമാകണമെങ്കില്‍, സങ്കല്പിക്കുന്നയാള്ക്ക് ശക്തമായ ഒരു അടിത്തറ ആവശ്യമാണെന്നും മില്ലര്‍ പറഞ്ഞു. പ്രശസ്തമായ ഇന്ജീനിയസ് പെയ്ന് എന്ന നോവല്‍ രചിച്ചുകൊണ്ടാണ് മില്ലര്‍ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് കടന്നുവന്നത്.