സുധീരയുടെ കഥകള്‍, ഗംഗ, നീലക്കടമ്പ്, സ്‌നേഹത്തിന്റെ മുഖങ്ങള്‍, സ്‌നേഹസ്‌പര്‍ശങ്ങള്‍, ശിവേനസഹനര്‍ത്തനം തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ള എഴുത്തുകാരി കെപി സുധീരയുമായി വെബ്‌ദുനിയ മലയാളം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
സാഹിത്യത്തിന്റെ പുരോഗമന പാത എങ്ങോട്ടാണ് ?
സാഹിത്യത്തില്‍ പുരോഗമനം ആവശ്യമാണ്. ആധുനികതയ്ക്ക് ശേഷം വന്നത് വേര്‍തിരിവുകള്‍ക്ക് ആതീതമാണ് സാഹിത്യം എന്നാണെന്റെ തോന്നല്‍. മനുഷ്യ വര്‍ഗ്ഗത്തിന്റെ ശോഭനമായ ഭാവിയിലേക്കാണ് സാഹിത്യമിപ്പോഴും കൈനീട്ടുന്നത്. എന്നിരുന്നാലും കാലാനുസൃതമായി ഉണ്ടായിരുന്ന നവംനവങ്ങളായ കല്‍പനാചാതുരിയും നൂതനമായ ഭാഷാ സങ്കേതങ്ങളും ഒരു പുത്തനുണര്‍വ് ഉണ്ടാക്കുന്നുണ്ട്.
? പെണ്ണെഴുത്ത്, ദളിത് എഴുത്ത് എന്നീ തരംതിരിവുകളെ എപ്രകാരം വീക്ഷിക്കുന്നു?
പാശ്ചാത്യ രാജ്യങ്ങളില്‍ പെണ്‍സാഹിത്യം, സ്ത്രീപുരുഷ വായന എന്നീ ശാഖ തന്നെ ഉണ്ട്. ഹെലന്‍ സിക്‌സ്യൂ എന്ന ഫെമിനിസ്റ്റ് എഴുത്തുകാരി പറഞ്ഞത്, സ്ത്രീകള്‍, പുരുഷന്മാരുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാഷ പിടിച്ചെടുക്കുമെന്നാണ്. സാര്‍ത്രീന്റെ സഹകാരി സീ മോങ്ങ് ബുവ്വ പറഞ്ഞത് പുരുഷന്‍ ഉണ്ടാക്കിയ കോട്ടയില്‍ അടക്കംചെയ്യപ്പെട്ടവളാണ് സ്ത്രീ എന്നാണ്. ലസ്ബിയനിസമാവും ഫലം എന്ന് പുരുഷവക്താക്കള്‍. നന്മയെ സ്വപ്നം കാണലാണ് സാഹിത്യം. സ്വപ്നത്തിന്റെ വര്‍ഗമെന്ത്? ഭാഷയെന്ത്? ജാതിയെന്ത്? സ്ത്രീ പ്രശ്നങ്ങള്‍ അനുഭവിച്ചെഴുതുമ്പോള്‍ തീക്ഷണത കൂടും. എന്നാലത് മാത്രമേ എഴുതൂ എന്ന് വാശി പിടിച്ചാല്‍ സാഹിത്യത്തിന്റെ ലാവണ്യാംശങ്ങള്‍ ചോര്‍ന്നു പോവില്ലേ?
? കഥകളില്‍ രോഗാവസ്ഥ പലപ്പോഴും മുഴച്ചു നില്‍ക്കുന്നുണ്ടല്ലോ ....
രോഗം ദുഃഖം ഇവ ജീവിതത്തിന്റെ അനിവാര്യ സ്വഭാവങ്ങളാണ്. വേദനിക്കുന്നവന്റെ കണ്ണൂനീരില്‍ തൂലിക മുക്കിയാണ് പലപ്പോഴും ഞാനെഴുതുന്നത്. ചുറ്റും വിലാപങ്ങളാണ്. രോഗത്തിന്റെ രോദനം, വേദനിക്കുന്നവന്റെ കരച്ചില്‍, വഞ്ചിക്കപ്പെടുന്നവന്റെ വിലാപം... ഭൂമി പിളര്‍ന്ന് അഗാധഗര്‍ത്തങ്ങളിലേക്ക് പതിക്കുന്നവന്റെ നെഞ്ചുപിളര്‍ക്കുന്ന നിലവിളി... ഇവയ്ക്ക് നടുവിലിരിക്കുമ്പോള്‍ അവയെക്കുറിച്ചെഴുതാതെ എന്തു ചെയ്യാന്‍!
? മാനവികതയും സ്നേഹവും സ്വപ്നവുമൊക്കെ സാഹിത്യത്തില്‍ എങ്ങനെ കടന്നുവരുന്നു
സ്നേഹത്തിന്റെ നീരോട്ടമില്ലാത്ത ഒരു ഊഷരമായ ലോകത്തിലേക്കാണ് മാനവികതയൊക്കെ നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ദോഷഫലങ്ങളായി ജോലിയില്‍ സ്ഥിരത ലഭിക്കാത്തവരും, ജോലിയും കൂലിയും ഇല്ലാത്തവരും, ഉള്ള ജോലിയുടെ ഭാരം താങ്ങാത്തവരും അങ്ങനെ മനുഷ്യമനസ്സില്‍ അരക്ഷിതത്വം, അതൃപ്തി, അശാന്തി ഇവ പെരുകി വരികയാണ്. ക്ഷുബ്ധവും അശാന്തവുമായ ഒരു തലമുറയാണ് നമുക്കുള്ളത്. ഈ ജീവിതം കനിഞ്ഞു നല്‍കിയ അമൂല്യമായ പാരിതോഷികം സ്നേഹമാണ്. അത് കൈവിട്ടുപോകാതെ നോക്കേണ്ടതുണ്ട്. അതിന്റെ വില അറിയാത്ത മനുഷ്യനാണ് മനുഷ്യനെ സ്നേഹിക്കാനാവാത്തത്. സഹജീവിക്കുവേണ്ടി ഹൃദയത്തില്‍ ഒരു കണ്ണുനീര്‍ക്കണം സൂക്ഷിക്കുവാന്‍ നമുക്കാവണം. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന, അവന്റെ വാക്കുകള്‍ അമൃതവാഹിനികളായി കേള്‍ക്കുന്ന ലോകം.
അടുത്ത പേജില്‍ വായിക്കുക “എന്നെ കൈപിടിച്ച് നടത്തിയവര്‍”
PRO
PRO
? കഥാകാരന്റെ സാമൂഹിക പ്രതിബദ്ധതയെ എങ്ങനെ വിലയിരുത്തുന്നു.
മാനവികതയുടെ വികാസവും പുരോഗതിയും തന്നെയാണ് ഓരോ കലാകാരന്റേയും ലക്‌ഷ്യം. സ്വന്തം ആത്മാവിനെ കത്തിച്ചു കൊണ്ടാണെങ്കിലും ചുറ്റും ഇത്തിരിവെട്ടം പരത്തുക എന്നതാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. അവന്‍/അവള്‍ സമൂഹത്തിന്റെ വിഷം സ്വന്തം നെഞ്ചിലേക്ക് ഏറ്റെടുക്കുന്നവരാണ്. കലയെ ഈശ്വരനു തുല്യം കാണുന്നവര്‍ സമൂഹ മനസ്സിന്റെ ആഴങ്ങളെ സ്പര്‍ശിക്കുവാനാണ് തുനിയുന്നത്. അറിവിനും സംസ്കാരത്തിനുമായി ദാഹിക്കുന്ന മനുഷ്യമനസ്സില്‍ തീര്‍ത്ഥജലമാകുവാന്‍ സാഹിത്യത്തിന് കഴിയണേ എന്നാണെന്റെ പ്രാര്‍ത്ഥന.
? കഥ മാത്രമേ എഴുതിയിട്ടുള്ളോ?
കഥ മാത്രമേ എഴുതൂ എന്ന് ഞാനൊരിക്കലും പ്രതിജ്ഞ എടുത്തിട്ടില്ല. നിരവധി ലേഖനങ്ങളും പിന്നെ വൃത്തബദ്ധമല്ലാത്ത കവിതകളും ഞാന്‍ എഴുതിയിട്ടുണ്ട്. 1995-ല്‍ ദുബായിലെ 'ദല' നടത്തിയ മത്സരത്തില്‍ കഥയ്ക്കും കവിതയ്ക്കും ഒന്നാം സ്ഥാനം എനിക്കായിരുന്നു. പുതിയ ഔദ്യോഗിക ചുറ്റുപാടുകളില്‍, സമയമോ ഊര്‍ജ്ജമോ ബാക്കിയാവാത്ത അവസ്ഥയില്‍ ഒരു നോവലെഴുതുക എന്നത് ആഗമിക്കാത്തൊരു സ്വപ്ന സാക്ഷാത്കാരമായി ശേഷിക്കുന്നു. നോവലിന്റേത് വലിയൊരു ക്യാന്‍വാസല്ലേ? ഓരോ വര്‍ഷത്തിന്റെ ആരംഭത്തിലും ഒരു സ്വപ്നമുണ്ടാവും, ഒരു ചെറിയ നോവലെങ്കിലും എഴുതണം എന്ന്. ഇതുവരെ നടന്നില്ലെന്ന് മാത്രം.
? അന്യഭാഷാ പ്രമേയങ്ങളോടാണോ കൂടുതല്‍ താല്‍പര്യം.
അന്യഭാഷാ പ്രമേയങ്ങള്‍ എന്നതിനേക്കാള്‍, അന്യദേശങ്ങളുടെ പശ്ചാത്തലം എന്നതാവും ശരി. കേരളത്തിന്റെ കൊച്ചു മൂലയിലിരുന്ന് കഥയെഴുതുന്ന എന്റെ കാര്യം പോകട്ടെ, ലോകം മുഴുവനും സഞ്ചരിച്ച് കഥയെഴുതിയ വിശ്യവിഖ്യാതനായ നമ്മുടെ കഥാകാരന്‍ എസ്.കെ. സഞ്ചരിച്ച നാടുകളെക്കുറിച്ച് കഥ എഴുതിയില്ലേ? ഞാന്‍ ഇന്ത്യയിലെ മിക്കവാറും മഹാനഗരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആ നാടുകളുടെ ഹൃദയത്തില്‍ തൊട്ടറിഞ്ഞ മിടിപ്പുകള്‍ മലയാളിക്ക് സമ്മാനിച്ചിട്ടും ഉണ്ട്. എനിക്കൊപ്പം വായനക്കാരനേയും ആ ശാദ്വലഭൂമിയിലേക്ക് നടത്തിക്കുക എന്ന രീതിയാണത്.
എന്റെ കഥകളില്‍ ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത അതിഥിയാണ് നര്‍മ്മം. സഞ്ജയനെപ്പോലെ, തിക്കൊടിയനെപ്പോലെ, വി.കെ.എന്നിനെപ്പോലെ, അക്ബര്‍ കക്കട്ടിലിനെപ്പോലെ എനിക്കതിന് കഴിയാത്തതില്‍ ദുഃഖമുണ്ട്.
? പുതിയ എഴുത്തുകാരുടെ കഴിവുകള്‍
ഈ ചോദ്യം ഏറെ പ്രസക്തമാണ്. നമ്മുടെ കൊച്ചു കേരളത്തില്‍ത്തന്നെ സര്‍ഗ്ഗവാസനയുടെ രത്നഖനി മാതൃഭൂമിയുടെ രണ്ടു കഥാമത്സരങ്ങളില്‍ സമ്മാനിതയായതിനു ശേഷമാണ് സമൂഹം എന്റെ കഥകളെ ശ്രദ്ധിച്ചുതുടങ്ങിയത്. അതുപോലെ മത്സരങ്ങളിലൂടെ പുറത്തുവരുന്ന എല്ലാവരും പിന്നീട് സജീവമായി എഴുതുന്നില്ല എന്നത് വസ്തുതയാണ്. പത്രസ്ഥാപനങ്ങള്‍ നമ്മുടെ ഇളം തലമുറയെ പ്രോത്സാഹിപ്പിക്കാനുണ്ട് എന്നത് ആശ്വാസകരമാണ്.
? തനിക്കുമുന്നേ നടന്നുവരുടെ അനുഗ്രഹാശംസകള്‍.
അറിവുകൊണ്ടും അനുഭവം കൊണ്ടും ധീഷണകൊണ്ടും സമ്പൂര്‍ണ്ണതയെ പ്രാപിച്ച ഗുരു ജനങ്ങളുമായ അടുപ്പമാണ് സാഹിത്യ ജീവിതത്തില്‍ എനിക്ക് ലഭിച്ച മധുരക്കനികള്‍. ഗുരു നിത്യചൈതന്യയതി, ഒഎന്‍വി, എംടി, എന്‍ മോഹനന്‍, ജസ്റ്റീസ് കെ സുകുമാരന്‍ ഇവരെല്ലാം എനിക്ക് അറിവും സംസ്കാരവും പകര്‍ന്നുതന്നവരാണ്. പലരും കാലവൃക്ഷത്തില്‍ നിന്ന് ഇലയെന്നപോലെ പൊഴിഞ്ഞുപോയി. രാംദാസ് വൈദ്യര്‍, ഗുരുനിത്യ, എന്‍ മോഹനന്‍, തിക്കോടിയന്‍..... അനുഗ്രഹങ്ങളും സ്നേഹവും തന്ന് പിരിഞ്ഞവര്‍. കഥയെഴുതി തുടങ്ങിയപ്പോള്‍ 'സുധീരയ്ക്ക് കഥയെഴുതുവാന്‍ കഴിയും. പക്ഷേ, പരിശ്രമിക്കണം. ഉള്ളിലെ കനല്‍ അണയാതെ സൂക്ഷിക്കണം ലയാളത്തിലെ മഹാസാഹിത്യകാരന്‍ എം.ടി പറയുകയുണ്ടായി. അനല്‍പമായ ഊര്‍ജ്ജമാണ് ഈ വാക്കുകളെനിക്കു സമ്മാനിച്ചത്.