ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാരമായി ലഭിക്കുന്ന പണം തുഞ്ചന്‍ പറമ്പില്‍ തുടങ്ങാനിരിക്കുന്ന കുട്ടികളുടെ ഗ്രന്ഥശാലയ്ക്ക് വേണ്ടി നീക്കിവെക്കുമെന്നും എം ടി അറിയിച്ചു.
മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാണ് എം ടി. സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച എം ടിക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒട്ടേറെയാണ്. 2005-ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിര്‍മ്മാല്യത്തിലൂടെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, മികച്ച തിരക്കഥയ്ക്ക് ദേശീയപുരസ്‌കാരം നാല് തവണയും സംസ്ഥാനപുരസ്‌കാരം രണ്ട് തവണയും എംടി സ്വന്തമാക്കി.
ലോക കഥാമത്സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചെറുകഥയ്ക്ക് ഒന്നാം സമ്മാനം നേടിയാണ് എം ടി സാഹിത്യ ലോകത്ത് ശ്രദ്ധേയനാകുന്നത്.
എം ടിയുടെ കൃതികള്‍ ചുവടെ:
കഥാസമാഹാരങ്ങള്‍
രക്തം പുരണ്ട മണ്‍തരികള്‍, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്‍, നിന്റെ ഓര്‍മ്മയ്ക്ക്.
നോവല്‍
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും, അറബിപ്പൊന്ന് (എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയത്), രണ്ടാമൂഴം, വാരാണസി എന്നിവയാണ് നോവലുകള്‍.
സിനിമകള്‍
തിരക്കഥ
ഓളവും തീരവും, മുറപ്പെണ്ണ്, നഗരമേ നന്ദി, അസുരവിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്‌വാരം, സുകൃതം, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം, പഴശ്ശിരാജ.